
വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ സഹായത്തോടെയോ അല്ലാതെയോ ഇത് സാധ്യമാക്കുമെന്നും മറ്റ് രാജ്യങ്ങള്‍ അതിന് സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹോര്‍മുസ് തുറക്കുന്നത് എളുപ്പമുള്ള കാര്യമാകില്ലെന്നും എന്നാല്‍ ഇറാന്‍ അവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള ടോള്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് പാക്കിസ്ഥാനില്‍ നടക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പ്രതികരണം. നിലവില്‍ 325 എണ്ണ ടാങ്കറുകളടക്കം 600ല്‍ അധികം കപ്പലുകളാണ് ഹോര്‍മുസ് കടക്കാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ രണ്ട് കപ്പലുകള്‍ക്ക് മാത്രമാണ് കടലിടുക്ക് കടക്കാന്‍ സാധിച്ചത്. ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടിയെടുക്കുമെന്നും വൈകുകയാണെങ്കില്‍ നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാണ്‍സിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘത്തിനാണ് ചര്‍ച്ചകളുടെ ചുമതല. സംഘത്തിന് ആശംസകള്‍ നേര്‍ന്ന ട്രംപ്, വാണ്‍സിന് വലിയൊരു ദൗത്യമാണുള്ളതെന്നും അവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ താന്‍ വിലയിരുത്തുമെന്നും പറഞ്ഞു. ഇറാന്‍ സൈനികമായി പരാജയപ്പെട്ടുകഴിഞ്ഞു എന്നും യുഎസ് അവിടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള നടപടികളുമായി യുഎസ് മുന്നോട്ട് പോകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ വേഗത്തില്‍ തന്നെ ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.






