
രണ്ടു വര്‍ഷം പിന്നിട്ട മോഡി മന്ത്രിസഭ രണ്ടാംവട്ടം പുനഃസംഘടിപ്പിച്ചപ്പോള്‍ വ്യക്‌തമായി ലക്ഷ്യമിട്ടത് നാലു നിയമസഭാ തെരഞ്ഞെടുപ്പുകള്‍. പിന്നാക്ക, ദളിത് സമൂഹത്തെക്കൂടി കൈയിലെടുക്കുന്നതിന്റെ ഭാഗമായി അവര്‍ക്കും മന്ത്രിസഭയില്‍ മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. പുതിയ മന്ത്രിമാരില്‍ രണ്ടു വനിതകള്‍ അടക്കം പതിനൊന്നു പേര്‍ ദളിത്, പിന്നാക്ക വിഭാഗക്കാരാണ്. അങ്ങനെ തെരഞ്ഞെടുപ്പിനൊപ്പം വോട്ടുബാങ്കിലെ ജാതിസമവാക്യങ്ങളെയും സമര്‍ഥമായി നിര്‍ധാരണം ചെയ്‌തുകൊണ്ട് നിഷ്‌പ്രയാസം പുനഃസംഘടന നടത്തിയിരിക്കുകയാണു പ്രധാനമന്ത്രി.
അതിനു മുമ്പേ മന്ത്രിമാരുടെ ഇതുവരെയുള്ള പ്രകടനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അടക്കമുള്ളവ പരിശോധനയ്‌ക്കു വിധേയമാക്കുകയും ചെയ്‌തിരുന്നു. ആ വകയില്‍ ചിലര്‍ക്കു വകുപ്പുനഷ്‌ടവും മറ്റുചിലര്‍ക്കു മന്ത്രിപദവിയും നഷ്‌ടമായി. അതില്‍ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലായിരുന്നു എന്നും കാണാം. പ്രകടനം മോശമായതിനാല്‍ അഞ്ചു മന്ത്രിമാരെ ഒഴിവാക്കി എന്നതിനു പുറമേ, വനം പരിസ്‌ഥിതി വകുപ്പു സഹമന്ത്രിയായിരുന്ന പ്രകാശ് ജാവ്‌ദേക്കറെ മാനവവിഭവശേഷി മന്ത്രിയാക്കി ക്യാബിനറ്റ് പദവിലേക്ക് ഉയര്‍ത്തി എന്നതും കൗതുകം ജനിപ്പിക്കുന്നു. മാനവശേഷി വകുപ്പു മന്ത്രിയായിരുന്ന സ്‌മൃതി ഇറാനിയെ താരതമ്യേന അപ്രധാന വകുപ്പായ ടെക്‌സ്‌റ്റൈലിലേക്ക് മാറ്റി തരംതാഴ്‌ത്തിയത് പക്ഷേ, അപ്രതീക്ഷിതമായിരുന്നു. മാനവശേഷിയില്‍ ഊന്നിക്കൊണ്ടുള്ള വികസന നയമാണ് മോഡി സര്‍ക്കാര്‍ വിഭാവനം ചെയ്ുന്നയത്. ഈ വകുപ്പില്‍ രണ്ടുവര്‍ഷം നടന്ന ഇടപെടലുകളില്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചതരത്തിലൊരു മുന്നേറ്റത്തിനു സ്‌മൃതിക്കു കഴിഞ്ഞില്ല എന്നാണ് മാറ്റത്തിലൂടെ പുറത്താകുന്നത്.
എന്നാല്‍, മികച്ച പ്രകടനം നടത്താന്‍ കഴിയാത്ത ഏതാനും പേര്‍ പുറത്താക്കല്‍ ഭീഷണിയെ അതിജീവിക്കുകയും ചെയ്‌തു. വിദ്വേഷപ്രസ്‌താവനകള്‍ നടത്തി സര്‍ക്കാരിന്റെ മുഖത്ത് കരിവാരിത്തേച്ച ഏതാനും സഹമന്ത്രിമാരെ തൊട്ടതുമില്ല. അതുകൊണ്ടു കൃത്യമായ ഒരു പൊതുമാനദണ്ഡം അടിസ്‌ഥാനമാക്കിയാണു മന്ത്രിസഭ വികസിപ്പിച്ചതെന്ന വാദം അത്രയ്‌ക്കങ്ങ് വിശ്വസിക്കാന്‍ പ്രയാസമാണുതാനും.
ചെറിയമന്ത്രിസഭയെന്ന പെരുമയില്‍ ലാളിത്യത്തോടെ അധികാരമേറ്റെങ്കിലും പലരേയും പലതിനെയും തൃപ്‌തിപ്പെടുത്തുക എന്നതിലേക്കു കാര്യങ്ങള്‍ വളര്‍ന്നതോടെ 19 പുതിയ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി 80 എന്ന സംഖ്യയിലേക്ക് മന്ത്രിസഭ വിപുലമാക്കുകയും ചെയ്‌തിരിക്കുന്നു. നിലവില്‍ മന്ത്രിസഭയില്‍ അനുവദനീയമായ മന്ത്രിമാരുടെ എണ്ണത്തിന്റെ പരിധി 82 ആണെന്നിരിക്കേ ഇതൊരു ജംബോ മന്ത്രിസഭ തന്നെയായി മാറുകയാണ്. മന്‍മോഹന്‍ സിങ്ങിന്റെ മന്ത്രിസഭയിലും അംഗസംഖ്യ 80 ആയിരുന്നു.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്‌തിതെളിയിക്കേണ്ടത് ബി.ജെ.പി. സഖ്യമായ എന്‍.ഡി.എയ്‌ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. പ്രത്യേകിച്ച് ബിഹാറിലേറ്റ തിരിച്ചടിയുടെ പശ്‌ചാത്തലത്തില്‍. ഹിന്ദി ഹൃദയഭൂമിയെന്ന വിളിപ്പേരുള്ള ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പുകള്‍ കേന്ദ്രസര്‍ക്കാരിന് ഏറെ പ്രാധാന്യമുള്ളതാണ്. ബിഹാറില്‍ സംഭവിച്ചതുപോലെ പ്രതിപക്ഷങ്ങളെല്ലാം ഒന്നിച്ചണിനിരന്നാല്‍ ഉത്തര്‍പ്രദേശില്‍ എന്തും സംഭവിക്കാവുന്ന സ്‌ഥിതിയുണ്ട്. അത്തരം സഖ്യസാധ്യത വിദൂരതയില്‍ തന്നെയാണെന്നത് ബി.ജെ.പിക്ക് ആശ്വാസമേകുന്നുണ്ട്. അതുകൊണ്ട് ഉത്തര്‍പ്രദേശിനെ കാര്യമായിത്തന്നെ പരിഗണിച്ചിരിക്കുകയാണു മന്ത്രിസഭാവികസനത്തില്‍. പ്രധാനമന്ത്രിയടക്കം 16 മന്ത്രിമാരാണ് ഉത്തര്‍പ്രദേശിനെ പ്രതിനിധാനം ചെയ്യുന്നത്. ദളിത് പിന്നാക്ക വിഭാഗക്കാര്‍ക്ക് മന്ത്രിസഭയില്‍ നല്‍കിയ പ്രാതിനിധ്യം യു.പി.യില്‍ ദളിത് വോട്ടുകളെ ഉന്നമിട്ടാണെന്നു വ്യക്‌തമാണ്. പിന്നാക്ക വിഭാഗക്കാരുടെ പിന്തുണയില്ലാതെ യു.പി. പിടിക്കുക അസാധ്യമാണെന്ന തിരിച്ചറിവിന്റെ ഫലംകൂടിയാണിത്. താരതമ്യേന അപ്രധാന മുഖങ്ങളും മന്ത്രിസഭയില്‍ ഇടം പിടിച്ചതിനു പിന്നിലും ജാതി സമവാക്യപൂരണമാണ്. പിന്നാമ്പുറം എന്തുമായിക്കൊള്ളട്ടെ, ഭരണനിര്‍വഹണത്തിന് മന്ത്രിസഭാ വികസനം കൊണ്ട് നേട്ടമാകണമെന്ന ചിന്തയേ പൊതുജനത്തിനുണ്ടാകുകയുള്ളൂ.




