
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്‌തികൂട്ടുന്ന നിയമമാണ് 2005-ലെ വിവരാകാശനിയമം. പതിനൊന്നു വര്‍ഷമെന്ന ചെറിയ കാലയളവുമാത്രം പിന്നിടുന്ന ഈ നിയമം പൗരനു ലഭിച്ച വജ്രായുധമായിട്ടാണു കണക്കാക്കപ്പെടുന്നത്. നീതി നിഷേധത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരേ സാധാരണക്കാരന്റെ പടവാളായി വിവരാവകാശ നിയമം മാറിക്കഴിഞ്ഞിരിക്കുന്നു. മൂടിവയ്‌ക്കപ്പെടുന്ന അഴിമതി തുറന്നുകാട്ടുക മാത്രമല്ല ഭരണം എത്രമാത്രം കൃത്യതയോടെയും സുതാര്യതയോടെയും നടക്കുന്നുണ്ടെന്നറിയിക്കാനും വിവരാവകാശ നിയമം ഉതകുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ അവസാനവാക്കാണ് ഇന്ന് ഈ നിയമം.
ഭരണസുതാര്യത ഭരിക്കുന്നവര്‍ക്ക് അസുഖകരമായ അനുഭവമായിരിക്കും. പലകാര്യങ്ങളും പൊതുസമക്ഷം അറിയിക്കാന്‍ പറ്റാത്തതായുണ്ട്. അതുകൊണ്ട് അതേതൊക്കെയെന്ന് നിര്‍വചിച്ച് വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്‌തിരിക്കുന്നു. എന്നാല്‍, സര്‍ക്കാരുകളുടെ ദൈനംദിന ഭരണകാര്യങ്ങള്‍ക്കൊന്നിനും ഈ നിയന്ത്രണം ബാധകമല്ല. അതുകൊണ്ടു തന്നെ സര്‍ക്കാരുകള്‍ എടുക്കുന്ന സുപ്രധാനമായ പലതീരുമാനങ്ങളും അറിയാന്‍ വിവരാവകാശനിയമം വഴിയൊരുക്കുന്നു. ജനാധിപത്യസംവിധാനത്തില്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അകലം കുറയ്‌ക്കുന്നു എന്ന വലിയ ഉത്തരവാദിത്വം ഈ നിയമം നിര്‍വഹിക്കുന്നു. സര്‍ക്കാര്‍ കൈക്കൊള്ളുന്ന എത്രവലിയ തീരുമാനമാണെങ്കിലും കേവലം പത്തുരൂപ അപേക്ഷയിന്‍മേല്‍ അതിലെ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഈ നിയമം. എന്നാല്‍, നിയമത്തിന്റെ പരിധിയില്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടികളെല്ലാം പ്രതിഷേധം ഉയര്‍ത്തിയിരുന്നു എന്നും ശ്രദ്ധേയമാണ്.
മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന വേളയിലാണ് പാര്‍ലമെന്റ് നിയമം പാസാക്കി ഈ നിയമം അംഗീകരിച്ചത്. തുടര്‍ന്നുണ്ടായ പത്തുവര്‍ഷക്കാലത്ത് രാജ്യം കണ്ട വമ്പന്‍ അഴിമതികള്‍ പലതും വിവരാവകാശനിയമത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്. മുംബൈയിലെ ആദര്‍ശ് ഫ്‌ളാറ്റ്, 2 ജി, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അഴിമതിക്കേസുകളൊക്കെ വിവരാവകാശത്തിലൂടെയാണ് പൊതുസമൂഹം അറിയാനിടയായത്. വിവരാവകാശ പ്രവര്‍ത്തകര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒരു വിഭാഗവും ഇതോടെ ശക്‌തമാകുകയും ചെയ്‌തു. അഴിമതികള്‍ പുറത്തുകൊണ്ടുവരാവന്‍ രാജ്യത്തെങ്ങും ഇവര്‍ സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്‌ക്കുകയും ചെയ്‌തു. പലര്‍ക്കും ജീവന്‍പോലും നഷ്‌ടമായി.
കേരളത്തില്‍ പുതുതായി വന്ന സര്‍ക്കാര്‍ തങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ വിവരാവകാശപ്രകാരം പുറത്തുവിടാന്‍ കഴിയില്ലെന്ന നിലപാടിലേക്ക് എത്തിയതാണു വിവരാവകാശം വീണ്ടും ചര്‍ച്ചകളിലേക്കു കടന്നുവരാന്‍ ഇടവരുത്തിയിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങളാണു പുറമേ പറയാന്‍ മടിക്കുന്നത്. ഇവയെല്ലാം ജനങ്ങളെ അറിയിക്കണമെന്നുള്ള വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെതിരേ സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതൊഴികേ മറ്റെല്ലാ സര്‍ക്കാര്‍ കാര്യങ്ങളും നിയമത്തിന്റെ പരിധിയിലാണെന്നാണ് കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഉത്തരവ്. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ തീരുമാനം അറിയണമെന്ന് മുറവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍, നിലവില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടേണ്ടെന്ന നിലപാടിലേക്ക് അവരും എത്തിയിരിക്കുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്ന നിലപാടുകള്‍ വലിയ ജനപിന്തുണയോടെ അധികാരമേറ്റ സര്‍ക്കാരിനു യോജിക്കുന്നതാണോ എന്ന് അവര്‍ തന്നെ പരിശോധിക്കണം.




