
ബഹിരാകാശ ശാസ്‌ത്രസാങ്കേതിക വിദ്യയില്‍ മറ്റേതൊരു രാഷ്‌ട്രത്തോടും കിടപിടിക്കാന്‍ കഴിയുന്ന നിസ്‌തുലനേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. പി.എസ്.എല്‍.വി. സി- 34 എന്ന വിക്ഷേപണ വാഹനം ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചതോടെയാണ് ഇന്ത്യ ബഹിരാകാശത്ത് പുതിയൊരിടം കൂടി സ്വന്തമാക്കിയത്. ഏതൊരു ഇന്ത്യക്കാരന്റെയും അഭിമാനം ആകാശം മുട്ടെ ഉയരുന്ന സന്ദര്‍ഭം കൂടിയാണിത്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഐ.എസ്.ആര്‍.ഒയിലെ ശാസ്‌ത്രപ്രതിഭകളുടെ അക്ഷീണപ്രയത്‌നത്തിന്റെ ഫലമാണ് ഈ നേട്ടം. വിക്രംസാരാഭായി മുതല്‍ അബ്‌ദുള്‍ കലാം വരെയുള്ള പ്രതിഭകള്‍ പകര്‍ന്നു നല്‍കിയ അറിവിന്റെയും സ്‌ഥിരോത്സാഹത്തിന്റെയും പരിണതഫലം. പി.എസ്.എല്‍.വി. റോക്കറ്റിന്റെ തുടര്‍ച്ചയായ 35-ാം വിജയം കൂടിയാണിതെന്നത് ശാസ്‌ത്രകാരന്‍മാരില്‍ വലിയ ആത്മവിശ്വാസം പകരുന്നതാണ്. ഏറ്റവും ചെലവുകുറച്ചാണ് ബൃഹത്തും സങ്കീര്‍ണവുമായ ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിച്ചതെന്നതാണു സുപ്രധാനം. 20 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ വേണ്ടിവന്നത് കേവലം 200 കോടി രൂപയോളം. ഇതേ സാങ്കേതികത ഉപയോഗിച്ച് കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന മറ്റു രാജ്യങ്ങളേയും സ്വകാര്യ ഏജന്‍സികളെയും അപേക്ഷിച്ച് ചെലവും നന്നേ കുറവ്.
ഇക്കഴിഞ്ഞ ദിവസം വിക്ഷേപിച്ചവയില്‍ മൂന്നെണ്ണമൊഴികെ മറ്റെല്ലാം വിദേശരാജ്യങ്ങളുടേതാണ്. നിലവില്‍ 1288 കിലോഗ്രാം ഭാരമുള്ള 20 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിക്ഷേപിച്ചവയെല്ലാം തന്നെ ഭാരം കുറഞ്ഞവയാണ്. ഇതില്‍ 725.5 കിലോഗ്രാമുള്ള ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 ആണ് ഏറ്റവും ഭാരമേറിയവ.
ഇവയെയെല്ലാം വ്യത്യസ്‌തങ്ങളായ ഭ്രമണപഥങ്ങളില്‍ എത്തിക്കാന്‍ ഏറ്റവും കൃത്യതയോടെയുള്ള സാങ്കേതികവിദ്യ ആവശ്യമായിരുന്നു. കൂടുതല്‍ ഭാരമേറിയ കൂടുതല്‍ എണ്ണം ഉപഗ്രഹങ്ങള്‍ ചെലവുകുറച്ച് വിക്ഷേപിക്കുക എന്നതിനാകും ഇന്ത്യന്‍ ബഹിരാകാശ ശാസ്‌ത്രഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒ. തുടര്‍ന്ന് ശ്രമിക്കുക. നിലവില്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒറ്റയടിക്കു വിക്ഷേപിച്ചതിന്റെ റെക്കോഡ് റഷ്യക്കാണ്. പിന്നാലെ അമേരിക്കയുടെ നാസയുമുണ്ട്. അതിനു പിന്നിലാണ് നമ്മുടെ സ്‌ഥാനം.
അതുപോലെ വര്‍ഷത്തില്‍ കൂടുതല്‍ തവണ ഉപഗ്രഹവിക്ഷേപണം നടത്താനും പ്രാപ്‌തമാകേണ്ടതുണ്ട്. നിലവില്‍ വര്‍ഷത്തില്‍ ആറുതവണയോളമേ ഉപഗ്രഹവിക്ഷേപണത്തിനു കഴിയൂ. അത് മൂന്നിരട്ടിയെങ്കിലും കൂട്ടിക്കൊണ്ട് ഉപഗ്രഹവിക്ഷേപണം ഒരു സ്‌ഥിരം പരിപാടിയാക്കി മാറ്റുന്നതിനുള്ള ശ്രമവും നടക്കേണ്ടിയിരിക്കുന്നു. ഉപഗ്രഹവിക്ഷേപണ വിപണി വളര്‍ച്ച നേടുന്ന ഇക്കാലത്ത് ഇതു നമുക്ക് വന്‍ വിദേശനാണ്യം നേടിത്തരുന്ന മേഖലകൂടിയായി മാറിക്കഴിഞ്ഞു. ചെലവു കുറഞ്ഞ നമ്മുടെ സാങ്കേതിക വിദ്യ മറ്റുരാജ്യങ്ങളെ ആകര്‍ഷിക്കും. ഉപഗ്രഹവിക്ഷേപണ വിപണിയില്‍ ഇന്ത്യയുടെ മേധാവിത്തം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമമാണ് ഇനി നടക്കേണ്ടത്.




