
തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ പരിഷ്ക്കാരങ്ങള്‍ കൊണ്ടു വരുന്നു. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് എഐവൈഎഫ് മാര്‍ച്ചു നടത്തുകയും മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തിരുന്നു. ടോള്‍ കമ്പനി ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് എഡിഎം നടത്തിയ ചര്‍ച്ചയില്‍ നാളെ മുതല്‍ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കാന്‍ തീരുമാനമായി.
ഈ മാസം 17-ാം തിയതി ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ ടോള്‍ കമ്പനി അധികൃതരുമായും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്നും തീരുമാനമായി. ഒരു വരിയില്‍ അഞ്ചിലേറെ വാഹനങ്ങള്‍ എത്തിയാല്‍ ടോള്‍ തുറന്നുവിടണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ തിരക്കുള്ള ദിവസങ്ങളില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നതെന്നും ജനങ്ങള്‍ പറഞ്ഞു.
ഇത് പലപ്പോഴൂം സംഘര്ഷങ്ങള്ക്കിടയാക്കിയിട്ടുണ്ടെന്നും ടോള്‍ ഗേറ്റ് തുറന്നുവിടണമെന്ന കരാര്‍ ടോള്‍ കമ്പനികള്‍ പാലിക്കുന്നില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.






