
ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ റൈസിങ് പൂന്നെ ജയന്റസിനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ടീമങ്ങള്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീരേന്ദര്‍ സെവാഗ് രംഗത്തെത്തി. ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബ് ടീമിന്റെ ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം. നിര്‍ണായക മത്സരത്തില്‍ കനത്ത തോല്‍വിയാണ് ടീമിന് നേരിടേണ്ടി വന്നത്. ഇതു തന്നെയാണ് സെവാഗിനെ ചൊടിപ്പിച്ചതും. ഒമ്പതു വിക്കറ്റിന്റെ നാണംകെട്ട തോല്വിയോടെയായിരുന്നു പഞ്ചാബ് പുറത്തുപ്പോയത്.
വിദേശ താരങ്ങള്‍ക്കെതിരെയാണ് സെവാഗ് ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. വിദേശ താരങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയാണ് ടീമിനെ കനത്ത പരാജയത്തിലേക്ക് തള്ളിയിട്ടതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിന്റെ പ്രകടനത്തില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും ടീമിലെ ഒരു വിദേശ താരം പോലും ഉത്തരവാദിത്വം ഏറ്റെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലുമൊരാള്‍ 12 മുതല്‍ 15 വരെയുള്ള ഓവറുകള്‍ വരെ പിടിച്ചുനിന്നിരുന്നെങ്കില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.






