
ചെന്നൈ: മുഖ്യമന്ത്രിയായിരുന്നപ്പോൾ മണ്ഡല പുനർനിർണയ ബിൽ കത്തിച്ച് പ്രതിഷേധിച്ച ഡിഎംകെ, സംസ്ഥാന ഭരണം നഷ്ടമായതോടെ നിലപാടിൽ മാറ്റം വരുത്തുന്നതായി സൂചന. ബില്ലിനെ എതിർക്കേണ്ടതില്ലെന്ന നിലപാട് പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ടെന്നാണ് വിവരം.
ബില്ലിൽ തമിഴ്നാടിന്റെ നിലപാട് ഉറപ്പാക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിളിച്ച തമിഴ്നാട് എംപിമാരുടെ യോഗത്തിൽ നിന്ന് ഡിഎംകെ, അണ്ണാഡിഎംകെ, ഡിഎംഡികെ, പിഎംകെ എന്നീ പാർട്ടികൾ വിട്ടുനിന്നു. ഡിഎംകെയുടെ വിട്ടുനിൽക്കൽ കേന്ദ്രത്തോട് അടുക്കുന്നതിന്റെ സൂചനയാണെന്നാണ് തമിഴക രാഷ്ട്രീയത്തിലെ വിലയിരുത്തൽ. സംസ്ഥാനത്തെ 57 എംപിമാരിൽ ടിവികെയെ പിന്തുണയ്ക്കുന്ന 20 എംപിമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.
യോഗത്തിനെതിരെ ഡിഎംകെ രാജ്യസഭാ എംപി കനിമൊഴി എക്സിലൂടെ രംഗത്തെത്തി. കാവേരി ജലത്തർക്കത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണ് യോഗമെന്ന് കനിമൊഴി ആരോപിച്ചു. കാവേരി ജല വിഷയത്തിലും മേക്കേദാട്ടു അണക്കെട്ട് നിർമാണത്തിനെതിരെയും തമിഴ്നാട്ടിൽ കർഷക പ്രതിഷേധം ശക്തമാണ്. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ടിവികെ സർക്കാർ സർവകക്ഷി യോഗം വിളിച്ചതെന്നും കനിമൊഴി പറഞ്ഞു.
അതേസമയം, മണ്ഡല പുനർനിർണയ ബിൽ നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.







Comments