
ന്യൂഡല്‍ഹി: ഫുട്ബോള്‍ താരം സി.കെ വിനീതിനെ ഏജീസ് ഓഫിസില്‍നിന്ന് പിരിച്ചുവിട്ടതില്‍ കേന്ദ്ര കായികമന്ത്രാലയം റിപ്പോര്‍ട്ട് തേടി. കേന്ദ്ര കായിക മന്ത്രാലയമാണ് അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് അധികൃതരോട് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു.
മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ബുധനാഴ്ചയാണ് സി.കെ വിനീതിനെ ഏജീസ് ഓഫീസിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു കത്ത് അയച്ചിരുന്നെങ്കിലും പിരിച്ചുവിടല്‍ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ എടുത്തില്ലെങ്കില്‍ സംസ്ഥാനം ജോലി നല്‍കുമെന്ന് മന്ത്രി എ.സി മൊയ്തീന് അറിയിച്ചു.






