
ന്യൂഡല്‍ഹി: മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍. മൂന്നാറില്‍ കെട്ടിട നിര്‍മ്മാണത്തിന് പഞ്ചായത്തിന്റെ മാത്രം അനുമതി പോരെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. റിസോര്‍ട്ടുകള്‍ നിര്‍മ്മാണത്തിന് പഞ്ചായത്ത് ചട്ടം ലംഘിച്ച് എന്‍.ഒ.സി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇനി മുതല്‍ കെട്ടിട നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റേയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും അനുമതി അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.
ഏലമലക്കാട്ടില്‍ മരണം മുറിയ്ക്കരുതെന്നും ഉത്തരവില്‍ പറയുന്നു. മൂന്നാര്‍ കേസില്‍ ദേവികുളം സബ് കലക്ടര്‍ കക്ഷി ചേരണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളെയും അനധികൃത കെട്ടിട നിര്‍മ്മാണങ്ങളെയും കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു.
അതേസമയം, മൂന്നാറില്‍ സര്‍ക്കാരിന് പ്രത്യേക നയമുണ്ടെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ട്രിബ്യൂണലില്‍ അറിയിച്ചു.






