
തിരുവനന്തപുരം : എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വി.കെ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഭീമനായി നടന് മോഹന്‍ലാല്‍ എത്തുന്ന 'മഹാഭാരതം' എന്ന ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യുക 'രണ്ടാമൂഴം' എന്ന പേരില്‍ തന്നെ. നേരത്തെ മഹാഭാരതം എന്ന പേരാണ് ചിത്രത്തിന് നിശ്ചയിച്ചിരുന്നത്. അതേസമയം, ഭീഷണി കണക്കിലെടുത്തല്ല പേരു മാറ്റുന്നതെന്നും നിര്‍മാതാവ് ബി.ആര് ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാമൂഴം എന്ന എം.ടിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് 'മഹാഭാരതം' എന്ന പേര് നല്‍കാനാകില്ലെന്നും അത്തരത്തില്‍ സംഭവിച്ചാല്‍, ആ ചിത്രം തിയറ്റര്‍ കാണില്ല എന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളും ഭീഷണികളുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതൊന്നുമല്ല നിലവിലെ പേരുമാറ്റത്തിന് കാരണമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.
നൂറ് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിക്കും. മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക. ആദ്യഭാഗത്തിന്റെ ചിത്രീകരണം അബുദാബിയില്‍ ആരംഭിക്കും.






