
തിരുവനന്തപുരം: എ.ഡി.ജി.പിയുടെ വീട്ടിലെ പട്ടിയെ പരിചരിക്കാന്‍ ബലമായി നിയോഗിച്ച ഡോഗ് സ്ക്വാഡിലെ പോലീസുകാരനെ പട്ടി കടിച്ചു. കാലിലും പൃഷ്ഠത്തിലും മാരകമായി കടിയേറ്റ പോലീസുകാരന് ചികിത്സയില്‍. ബറ്റാലിയന് എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ ബന്ധുവിന്റെ ശംഖുമുഖം എയര്‍ഫോഴ്സ് വളപ്പിലെ വീട്ടിലാണ് ഡോഗ് സ്ക്വാഡിലെ പോലീസുകാരനായ സന്തോഷ്കുമാറിനു പട്ടിയുടെ കടിയേറ്റത്. വെള്ളിയാഴ്ചയാണു സംഭവം.
ഡോഗ് സ്ക്വാഡിലെ ഡ്യൂട്ടി ഓഫീസര്‍ ആര്.എസ്.ഐ. പുഷ്പാംഗദന് ചട്ടം മറികടന്നു ഭീഷണിപ്പെടുത്തിയാണ് സന്തോഷിനെ എ.ഡി.ജി.പിയുടെ പട്ടിയെ പരിചരിക്കാന്‍ നിയോഗിച്ചത്. പുഷ്പാംഗദനെതിരേ ഡോഗ് സ്ക്വാഡിലെ ജീവനക്കാര്‍ പോലീസ് അസോസിയേഷനില്‍ പരാതിപ്പെട്ടിട്ടുണ്ട്.
ഉത്തരമേഖലാ എ.ഡി.ജി.പിയായിരുന്ന സുധേഷ് കുമാര്‍ അടുത്തിടെയാണ് ബറ്റാലിയന് എ.ഡി.ജി.പിയായി ചുമതലയേറ്റത്. മേയ് 31ന് രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട പട്ടിയെ എ.ഡി.ജി.പിയുടെ മണ്ണന്തലയിലുള്ള വീട്ടില്‍ എത്തിക്കണമെന്നു സന്തോഷിനോടു പുഷ്പാംഗദന് നിര്‍ദേശിച്ചു. ആദ്യം വിസമ്മതം പ്രകടിപ്പിച്ച സന്തോഷ് നടപടിയുണ്ടാകുമെന്ന് ഭീഷണി വന്നപ്പോഴാണു പോയത്. തുടര്‍ന്നു രണ്ടിനു രാവിലെ പട്ടിക്കു ത്വക്കിനു പ്രശ്നമാണെന്നും ശംഖുമുഖത്തെ എയര്‍ഫോഴ്സ് വില്ലയില്‍ താമസിക്കുന്ന എ.ഡി.ജി.പിയുടെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടുപോയി ഡോക്ടറെ കാണിക്കാനും ഡ്യൂട്ടി ഓഫീസര്‍ സന്തോഷിനോട് ആവശ്യപ്പെട്ടു. വീണ്ടും വിസമ്മതം അറിയിച്ചെങ്കിലും ഹാജര്‍ നല്‍കില്ലെന്നും എ.ഡി.ജി.പി. മുഖേന ശിക്ഷാ നടപടി വാങ്ങിത്തരുമെന്നും ഭീഷണിപ്പെടുത്തി സന്തോഷിനെ പറഞ്ഞയച്ചു.
ഡോക്ടറെ കാണിച്ചശേഷം ഭക്ഷണം നല്കാന് ഒരുങ്ങുമ്പോഴാണ് സന്തോഷിന്റെ തുടയില്‍ പട്ടി കടിച്ചത്. പിന്തിരിഞ്ഞ് ഓടിയപ്പോള്‍ പൃഷ്ഠഭാഗത്തും പട്ടി കടിച്ചു. വിവിധ വകുപ്പുകളിലെ അണ്ടര്‍ സെക്രട്ടറിമാരുടെ വീടുകളിലെ പട്ടികള്‍ക്ക് പരിശീലനം നല്കുന്ന പുഷ്പാംഗദനെതിരേ പരസ്യമായി രംഗത്തെത്താന്‍ പോലീസുകാര്‍ക്ക് പേടിയാണ്. ബറ്റാലിയന് മുന്‍ എ.ഡി.ജി.പി നിഥിന് അഗര്‍വാളിന്റെ വീട്ടിലെ പട്ടിയെയും ഡോഗ് സ്ക്വാഡിലെ പോലീസുകാരാണ് പരിചരിച്ചിരുന്നത്. ചട്ടലംഘനത്തിന്റെ പേരില്‍ ഡോഗ് സ്ക്വാഡില്‍നിന്നു പുറത്താക്കപ്പെട്ട പുഷ്പാംഗദന് തന്റെ സ്വാധീനമുപയോഗിച്ചാണ് വീണ്ടുമെത്തിയത്.






