
വിശുദ്ധമാസത്തില്‍ പകല്‍ ഉമിനീര് പോലും ഇറക്കാതെ കൃത്യമായ നോമ്പ്. രാത്രിയില്‍ ഒരു വറ്റുപോലും എടുക്കാനില്ലാതെ കൊടും പട്ടിണി. യുദ്ധം കീറി മുറിച്ച യെമനിലെ 17 ദശലക്ഷം പേര്‍ക്ക് ഇത്തവണത്തേത് ദുരിതത്തിന്റെ വിശുദ്ധമാസം. രണ്ടു വര്‍ഷം നീണ്ട യുദ്ധം തകര്‍ത്തെറിഞ്ഞ ഭൂമിയില്‍ പണിയില്ലാതെ വരുമാനം ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ പോലും വാങ്ങാന്‍ പണമില്ലാതെ ജനങ്ങള്‍ അനുഭവിക്കുന്നത് ദുരിതക്കടലിലെ നോമ്പാണ്. പട്ടിണിക്കും ആഭ്യന്തര കലാപത്തിനും പുറമേ യെമനെ പകര്‍ച്ചവ്യാധിയും പിടികൂടുന്നു.
58 കാരിയായ ഫാത്തിമാ സലാ റംസാന് മാസത്തില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ പകല്‍ കിടന്നുറങ്ങാറില്ല. പകരം സനായിലെ തെരുവുളില്‍ അലഞ്ഞുതിരിയും. സമീപത്തെ കടകളില്‍ നിന്നോ വീടുകളില്‍ നിന്നോ വീട്ടിലുള്ളവര്‍ക്കും തനിക്കും രാത്രിയില്‍ കഴിക്കാന്‍ എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോ എന്ന് തെരഞ്ഞ് വിശപ്പും ദാഹവും സഹിച്ച് അലഞ്ഞു തിരിയും. പ്രഭാതഭക്ഷണം കഴിക്കാതെ വരുന്നതിനാല്‍ പലപ്പോഴും വിശന്നും ദാഹിച്ചും തളര്‍ന്നു പോകാറുണ്ടെന്ന് പറയുമ്പോള്‍ ഈ വൃദ്ധയുടെ കണ്ണ് നിറഞ്ഞൊഴുകും.
ഏറെ അന്തസ്സുള്ള സമൃദ്ധമായിരുന്ന തന്റെ കുടുംബത്തില്‍ മുമ്പ് റംസാന് ഏറ്റവും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും മാസമായിരുന്നു. എന്നാല്‍ യുദ്ധം എല്ലാ സന്തോഷവും നഷ്ടപ്പെടുത്തി. കഴിഞ്ഞ റംസാന് വരെ ഒന്നും കുഴപ്പമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അതികഠിനമാണ്. പകല്‍ വ്രതമെടുക്കുമ്പോള്‍ രാത്രിയില്‍ മിക്കപ്പോഴും മുണ്ട് മുറുക്കിയുടുക്കി ജീവിക്കേണ്ടി വരും. റംസാനില്‍ പോലും കഴുത്തോളം ദാരിദ്ര്യത്തിലാണ്. കുടുംബത്തിലുള്ളവര്‍ക്ക് ആഹാരം കഴിക്കണം കുടുമ്പത്തിന് കഴിയാന്‍ മാത്രം 20,000 റിയാല്‍ ആഹാരത്തിനും വാടകയ്ക്കുമായി വേണം. വിശപ്പും പുറത്താക്കലും രണ്ടു പ്രതിസന്ധിയാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് ഫാത്തിമ പറയുന്നു.
രണ്ടു വര്‍ഷമായി ഇപ്പോഴും യുദ്ധം തുടരുമ്പോള്‍ യെനിലെ കുടുംബങ്ങള്‍ ദാഹത്തിലും ദാരിദ്ര്യത്തിലും നിരാശയിലും കഴിയേണ്ടി വരുന്നു. മുസ്ളീംലോകത്ത് റംസാന് ശാന്തിയുടെയും ആത്മീതയുടേയും വിശുദ്ധ മാസമാണ്. എന്നാല്‍ യുദ്ധം ഉഴുതുമറിച്ച യെമനില്‍ ഒരു ചെറിയ മുറിയില്‍ പോലും സന്തോഷമില്ല. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഇവര്‍ക്ക് അടിയന്തിര ശ്രദ്ധ വേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. ഈ വര്‍ഷം യെമന്‍ ഇവയ്ക്ക് പുറമേ കോളറ പോലെയുള്ള പകര്‍ച്ച വ്യാധികളുടെ പിടിയിലുമാണ്. ഏപ്രില്‍ മുതല്‍ ഇതുവരെ 65,000 കേസുകളാണ് സംശയിക്കപ്പെടുന്നത്. ഇതിനകം 530 പേര് മരണമടഞ്ഞു. മക്കള്‍ക്കൊന്നും അസുഖം പിടിച്ചിട്ടില്ലെങ്കിലും യെമനിലെ മൊത്തമുള്ള പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് സനായില്‍ താമസിക്കുന്ന 10 കുട്ടികളുടെ പിതാവായ മൊഹമ്മദ് അല്‍ മൊഖദാരി പറയുന്നു.
യുദ്ധം എല്ലാം തകര്‍ത്തു. ആള്‍ക്കാര്‍ക്ക് ആഹാരം വാങ്ങാന്‍ പണം കണ്ടെത്താനേ കഴിയുന്നില്ല. ഭക്ഷണത്തിലാണെങ്കില്‍ വലിയ വിലയും. ഇയാളുടെ മൂത്ത രണ്ടു കുട്ടികള്‍ തെരുവില്‍ പ്ളാസ്റ്റിക് പെറുക്കി റീസൈക്ളിംഗ് പ്ളാന്റുകള്‍ക്ക് വില്‍പ്പന നടത്തി കിട്ടുന്ന ചെറിയ തുകയാണ് കുടുംബത്തിന്റെ വരുമാനം. അതുകൊണ്ട് തന്നെ ഇവരുടെ നോമ്പു തുറക്കല്‍ അപ്പത്തിലും കട്ടിത്തൈരിലും ഒതുങ്ങും. നിത്യോപയോഗ സാധനങ്ങളായ അരിയും അപ്പവും വാങ്ങാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഇറച്ചി, ചിക്കന്‍, മതിയായ പച്ചക്കറി, പഴങ്ങള്‍ എന്നിവയെല്ലാം റംസാനില്‍ സ്വപ്നമായി മാറിയിരിക്കുകയാണ്. റംസാനില്‍ നുണഞ്ഞിരുന്ന രുചികളെല്ലാം യെമനിലെ എല്ലാരേയും പോലെ തന്റെ വീട്ടില്‍ നിന്നും അപ്രത്യക്ഷമായെന്ന് ഇയാള്‍ പറയുന്നു.
റംസാന് ആയതോടെ കച്ചവടം തീരെ കുറഞ്ഞെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അത് അമ്പതുശതമാനം കുറയുകയും ചെയ്തു. മിക്കവരും വരുന്നത് പഞ്ചസാര, മാവ്, അരി എന്നിവ മാത്രം വാങ്ങാനാണ്. പലഹാരങ്ങള്‍, കടല, പച്ചക്കറി എന്നിവയ്ക്ക് വില്പ്പനയേയില്ല. മിക്ക കുടുംബങ്ങള്‍ക്കും അത്യാവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പോലും പണമില്ല. യെമനില്‍ യുദ്ധം തുടങ്ങിയതിന് ശേഷം ഇത് മൂന്നാമത്തെ റംസാനാണ്. സര്‍ക്കാര്‍ ഉദ്യോഗം ഉള്ളവര്‍ക്ക് പോലും രക്ഷയില്ല. ഒമ്പതു മാസമായി ഇവരുടെ ശമ്പളം പിടിച്ചു വെച്ചിരിക്കുകയാണ്. ശമ്പളം തടഞ്ഞു വെയ്ക്കല്‍, വിലക്കയറ്റം, ബിസിനസുകള്‍ പൊളിയല്. ഡോളറിനെ അപേക്ഷിച്ച് യെമന്‍ റിയാലിന്റെ മൂല്യത്തകര്‍ച്ചയാണ് പാവപ്പെട്ടവര്‍ക്ക് വന്‍ തിരിച്ചടിയായി മാറിയിരിക്കുന്നത്.






