ന്യൂഡല്‍ഹി: കശ്മീരിലെ വനിതാ പ്രക്ഷോഭകരെ വനിതാ സൈനികര്‍ നേരിടുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരില്‍ വനിതാ പ്രക്ഷോഭകരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കരസേന മേധാവിയുടെ പ്രസ്താവന. സൈന്യത്തില്‍ വനിതകളെ നിയമിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് കരസേന മേധാവി വ്യക്തമാക്കിയത്.
തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍, പലപ്പോഴും സ്ത്രീകളെ നേരിടേണ്ടി വരാറുണ്ട്. സൈന്യത്തില്‍ വനിതകളുണ്ടെങ്കില്‍ സ്ത്രീ പ്രക്ഷോഭകരെ എളുപ്പത്തില്‍ നേരിടാം-ബിപിന്‍ റാവത്ത് പറഞ്ഞു. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കരസേന മേധാവി. നിലവില്‍ സൈന്യത്തിന്റെ മെഡിക്കല്‍, ലീഗല്‍, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലാണ് സ്ത്രീകളുള്ളത്.
എന്നാല്‍ പോരാട്ട രംഗത്തേക്ക് കൂടി വനിതകളെ ഉള്‍പ്പെടുത്താനാണ് സൈന്യത്തിന്റെ തീരുമാനം. കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയുന്ന വനിതാ പ്രക്ഷോഭകരെ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് മറുപടിയായാണ് കരസേന മേധാവി വനിതാ സൈനികരെ നിയോഗിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.






