ഷില്ലോങ്: കശാപ്പ് നിരോധനത്തിലൂടെ പരോക്ഷമായി ബീഫ് നിരോധനം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി വിട്ട നേതാക്കളുടെ നേതൃത്വത്തില്‍ മേഘാലയില്‍ ബീഫ് ഫെസ്റ്റ്. വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലാ പ്രസിഡന്റായിരുന്ന ബെര്‍ണാഡ് മറാക്കിന്റെ നേതൃത്വത്തിലാണ് ബീഫ് ഫെസ്റ്റ്. രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
ബീഫ് ഫെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് മദ്യവും ബീഫ് വിഭവങ്ങളും നല്‍കും. കേന്ദ്രസര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് ബര്‍ണാഡ് മരാക് പറഞ്ഞു. ബീഫ് കഴിക്കുന്നത് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രൈബല്‍ വിഭാഗത്തിന് അവരുടേതായ നിയമങ്ങളുണ്ട്. പോത്തിറച്ചി പ്രധാന ഭക്ഷണമാക്കിയവരാണ് ഗരോസ് വിഭാഗക്കാരെന്നും ബര്‍ണാഡ് പറഞ്ഞു.
കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് നോര്‍ത്ത് ഗാരോ ഹില്‍ മേഖലയിലെ ബി.ജെ.പി നേതാവ് ബച്ചു മരാകും പാര്‍ട്ടി വിട്ടിരുന്നു. ബച്ചുവിനെ പിന്തുണച്ച് ഇരുനൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടതോടെ പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസ് അടയ്ക്കുകയും കൊടി താഴ്ത്തുകയും ചെയ്തിരുന്നു.






