മരണത്തില്‍ പോലും അയിത്തം നേരിടുന്ന ഒരു ജനത. ഗൗണ്ടര്‍മാരെ അടക്കം ചെയ്ത സെമിത്തേരിയില്‍ ദളിതരുടെ മൃതദേഹം അടക്കുന്നതിന് വിലക്ക്. കോയമ്പത്തൂരിലാണ് സംഭവം. ദളിതരുടെ ശവമടക്കിന് ഗൗണ്ടര്‍മാര്‍ അനുമതി നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി കോയമ്പത്തൂരിലെ കറുമാത്താംപട്ടി ഗ്രാമവാസികള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്കി.
ദളിതരുടെ മൃതദേഹം അടക്കാന്‍ അനുമതി നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസവും ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് തഹസില്‍ദാര്‍ ഇടപെട്ട് ഇരു വിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചു. എന്നാല്‍ ദളിതരുടെ മൃതദേഹം തങ്ങള്‍ക്കൊപ്പം അടക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഗൗണ്ടര്‍മാരുടെ നിലപാട്.
ഗ്രാമത്തിലെ വനത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ദളിതരുടെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചിരുന്നത്. പിന്നീട് ഈ സ്ഥലം സ്വകാര്യ വ്യക്തി സ്വന്തമാക്കുകയും ദളിതരുടെ ശവസംസ്കാരത്തിന് അനുമതി നിഷേധിക്കുകയുമായിരുന്നു. തുടര്‍ന്ന് മറ്റ് സമുദായക്കാര്‍ മൃതദേഹം ദഹിപ്പിക്കുന്ന സ്ഥലത്ത് ശവസംസ്കാരത്തിനായി ചെന്നപ്പോഴാണ് ഗൗണ്ടര്‍മാര്‍ പ്രശ്നമുണ്ടാക്കിയത്.
തങ്ങള്‍ മൃതദേഹം ദഹിപ്പിക്കുന്ന സ്ഥലത്ത് ദളിതരുടെ മൃതദേഹം ദഹിപ്പിച്ചാല്‍ മര്‍ദ്ദനമടക്കമുള്ള ഉപദ്രവങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഗൗണ്ടര്‍മാരുടെ ഭീഷണി. തഹസില്‍ദാര്‍ വിഷയം പിന്നീട് ആര്‍ഡിഒയുടെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍ ആര്‍ഡിഒയും മേല്‍ജാതിക്കാരുടെ പക്ഷം ചേര്‍ന്നതോടെ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഗ്രാമത്തിലെ ദളിതര്‍.






