
ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും, ഗോവധത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കി.
ഹൈക്കോടതി സ്വന്തം നിലയിൽ നിയമനിർമാണം നടത്തിയെന്നും, ഗോവധവുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം നിയമനിർമാണ സഭയ്ക്കാണെന്നും സർക്കാർ വാദിച്ചു. പ്രജനനത്തിനോ വളർത്തലിനോ അനുയോജ്യമല്ലാത്ത പശുക്കളെ നിയമപ്രകാരം അറുക്കാൻ അനുമതിയുണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.
ബക്രീദിനോടനുബന്ധിച്ച് കോയമ്പത്തൂരിൽ പൊതുസ്ഥലത്ത് മൃഗങ്ങളെ അറുക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി മേയ് 17ന് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് എവിടെയും ഗോവധം നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, പൊലീസ് സേനാ മേധാവി എന്നിവർ ഉറപ്പാക്കണമെന്ന നിർദേശവും ഉത്തരവിലുണ്ടായിരുന്നു.
പാൽ ഉൽപാദനവും ഗ്രാമീണ സമ്പദ്വ്യവസ്ഥയും സംരക്ഷിക്കുന്നതിനായി പശുക്കളെ കൊല്ലുന്നത് നിയന്ത്രിക്കുന്ന 1976-ലെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.






