
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഭരണ, പ്രതിപക്ഷങ്ങള്‍ തലപുകയ്ക്കുന്നതിനിടെ കെ. പത്മരാജന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സ്വീകരിക്കുന്ന ആദ്യദിനത്തില്ത്തന്നെയാണ് തെരഞ്ഞെടുപ്പ് മത്സരത്തിലും തോല്‍വിയിലും റെക്കോഡിട്ട പത്മരാജന് പത്രിക നല്‍കിയത്. പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളുമായി 50 പേര് വീതം നാമനിര്‍ദേശത്തിനും പിന്തുണയ്ക്കുമായി ഒപ്പിടണമെന്നാണു വ്യവസ്ഥയെന്നിരിക്കെ പത്രിക തള്ളിപ്പോകുമെന്ന് ഉറപ്പാണ്.
വാര്‍ഡ് തലംമുതല്‍ നിയമസഭ, പാര്‍ലമെന്റ് തലങ്ങളില്‍ വരെ ഒട്ടേറെത്തവണ മത്സരിച്ച പത്മകുമാര്‍ ഇന്നലെ നല്‍കിയത് 180-ാമത്തെ നാമനിര്‍ദേശ പത്രികയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കുന്നത് അഞ്ചാം തവണയാണ്. പ്രണബ് മുഖര്‍ജി, കെ.ആര്. നാരായണന്, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, പ്രതിഭാ പാട്ടീല്‍ എന്നിവര്‍ക്കെതിരേ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഹമീദ് അന്‍സാരി, കൃഷ്ണകാന്ത്, ഭൈരോണ്‍ സിങ് ശെഖാവത്ത് എന്നിവര്‍ക്കെതിരേ ഉപരാഷ്ടപതി തെരഞ്ഞെടുപ്പിലും പത്രിക നല്‍കിയിരുന്നു. ഹമീദ് അന്‍സാരിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഒരു മാസത്തിന് ശേഷം നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പത്മരാജന് പത്രിക നല്‍കും.
പി.വി. നരസിംഹ ഹാവു, എ.ബി വാജ്പേയി, ഡോ. മന്മോഹന് സിങ് എന്നീ മൂന്നു പ്രധാനമന്ത്രിമാര്ക്കെതിരേയും പത്മരാജന് മത്സരിച്ചിട്ടുണ്ട്. മന്മോഹന് സിങ്ങിനെതിരേ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി രണ്ട് തവണ പത്രിക നല്കി. കേരളത്തില്‍ കെ. കരുണാകരനെയും എ.കെ. ആന്റണിയെയും തമിഴ്നാട്ടില്‍ ജയലളിതയെയും പത്മരാജന് വെല്ലുവിളിച്ചു.
വഡോദരയില്‍ നരേന്ദ്ര മോഡിയുടെ എതിരാളികളില്‍ ഒരാളായിരുന്നു. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ ടി. ഗോവിന്ദനെതിരേയും എറണാകുളത്ത് ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരേയും മത്സരിച്ചു. കേരളത്തില്‍ രാജ്യസഭയിലേക്ക് തെന്നല ബാലകൃഷ്ണ പിള്ളയ്ക്കെതിരേയും കൊരമ്പയില്‍ അഹമ്മദ് ഹാജിക്കെതിരേയും എന്‍.കെ. പ്രേമചന്ദ്രനെതിരേയും പത്രിക നല്‍കിയിരുന്നു.
1991 ല്‍ ആന്ധ്രാപ്രദേശില്‍നിന്ന് രാജ്യസഭയിലേക്കു മത്സരിച്ച മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിനെതിരേ പത്രിക നല്കിയപ്പോള് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോതാണ് ഏക ദുരനുഭവം. അന്ന് കൈയിലുള്ള മോതിരവും വളയും ഊരിക്കൊടുത്ത് രക്ഷപ്പെടുകയായിരുന്നു.
1988 ല്‍ മേട്ടുര്ഡാം നിയമസഭാ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി എം. ശ്രീരംഗനെതിരേയുള്ള മത്സരമായിരുന്നു കന്നിയങ്കം. 1994ല്‍ പെരുന്തരൈ ഉപതെരഞ്ഞെടുപ്പില്‍ മൂന്നര വയസുള്ള മകന് ശ്രീജേഷിന്റെ പേരില്‍ പത്രിക നല്കിയതു മറ്റൊരു പുതുമ.
ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും എല്ലാത്തിലും പരാജയപ്പെടുകയും ചെയ്ത പത്മരാജന് 2003-ല്‍ ലിംക ബുക്കില്‍ ഇടംനേടി. 2004-ല്‍ ഗിന്നസ് ബുക്കിലും ഇടം നേടി. കണ്ണൂരില്‍ വേരുള്ള പത്മരാജന് ജനിച്ചതും വളര്‍ന്നതുമെല്ലാം തമിഴ്നാട്ടിലാണ്. ബലൂണാണ് പത്മരാജന് പതിവായി ആവശ്യപ്പെടുന്ന തെരഞ്ഞടുപ്പ് ചിഹ്നം. മേട്ടൂരില്‍ നടത്തുന്ന ടയര്‍ റീട്രെഡിങ് കടയാണ് വരുമാനമാര്‍ഗം. തെരഞ്ഞെടുപ്പുകളില്‍ കെട്ടിവച്ചു നഷ്ടപ്പെടുത്തിയത് 12 ലക്ഷത്തിലേറെ രൂപ. ഇതിനായി ബാങ്ക് വായ്പയെടുക്കാനും പടിച്ചിട്ടില്ല.
തെരഞ്ഞെടുപ്പു രംഗത്തിന്റെ കുത്തക രാഷ്ട്രീയക്കാര്‍ക്കു മാത്രമല്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് ആവര്‍ത്തിച്ചുള്ള മത്സരമെന്ന് പത്മരാജന് പറയുന്നു. ഹോമിയോ ചികിത്സ നടത്തുന്നതിനാല്‍ പേരിനൊപ്പം "ഡോക്ടര്‍" ചേര്‍ക്കുന്ന പത്മരാജന് തേര്‍തല്‍ മന്നന് (തെരഞ്ഞെടുപ്പ് രാജാവ്) എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.






