
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. വൈകിട്ട് മൂന്ന് മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 62.71% ശതമാനമാണ് പോളിംഗ്. മികച്ച പോളിംഗാണ് ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ എല്ലാം രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും പോളിംഗ് 50 ശതമാനം പിന്നിട്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. പത്തനംതിട്ട ജില്ലയിലാണ് കുറവ്. പോളിംഗ് 90 ശതമാനം വരെ ഉയരാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം ഉയര്‍ന്നു. മഞ്ചേശ്വത്തും പാലക്കാട്ടും വടക്കാഞ്ചേരിയിലും ഷൊർണൂരും ഒറ്റപ്പാലത്തും തൃപ്പൂണിത്തുറയിലും കള്ളവോട്ട് പരാതി ഉയര്‍ന്നിട്ടുണ്ട്. ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്നാണ് പരാതി. മീറ്റ്ന സീനിയർ ബേസിക് സ്‌കൂളിലെ 168, 169 ബൂത്തുകളിലും പടിഞ്ഞാറേക്കര എൽപി സ്‌കൂളിലെ 163 ആം ബൂത്തിലുമാണ് പരാതി ഉയർന്നിരിക്കുന്നത്. പിന്നീട് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി.






