
ജക്കാര്‍ത്ത: ലോക ഒന്നാം നമ്പര്‍ റാങ്കുകാരനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍. ദക്ഷിണ കൊറിയയുടെ ഒന്നാം റാങ്കുകാരന് സണ്‍ വാന്‍ ഹുവിനെ അട്ടിമറിച്ചാണ് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ഫൈനലിലെത്തിയത്.
മൂന്നു ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്തിനു മുന്നില്‍ സണ്‍ വാനും, ചരിത്രവും വഴിമാറിയത്. സ്കോര്‍ : 21-15, 14-21, 24-22.
ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസിന്റെ ഫൈനലിലെത്തുന്ന ആദ്യ പുരുജ താരമെന്ന റെക്കോര്‍ഡ് ശ്രീകാന്ത് സ്വന്തമാക്കി. ഒപ്പം തുടര്‍ച്ചയായി രണ്ടു സൂപ്പര്‍ സീരിസിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായും ശ്രീകാന്ത് മാറി.
മലയാളിയായ എച്ച്.എസ്. പ്രണോയിയെ പരാജയപ്പെടുത്തി ഫൈനലിലെത്തിയ കസുമാസ സകായിയാണ് കലാശക്കളിയില്‍ ശ്രീകാന്തിന്റെ എതിരാളി. ലോക 22-ാം റാങ്കുകാരനായ ശ്രീകാന്ത് ഒരു സൂപ്പര്‍ സീരിസ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്ഇത് നാലാം തവണയാണ്.






