
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പ്രശ്നം എന്നതിനപ്പുറം കോഹ്ലി-കുംബ്ലെ പ്രശ്നമായാണ് പ്രശ്നങ്ങള്‍ എരിഞ്ഞു കൊണ്ടിരുന്നത്. ഇപ്പോള്‍ അതിന് തീരുമാനമായി. ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിനായി പുറപ്പെട്ടപ്പോള്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതായി അറിയിച്ച് കുംബ്ലെയുടെ കുറിപ്പെത്തി. അപമാനം സഹിച്ച് ഇനിയും ടീമിനൊപ്പം തുടരാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മാന്യനായ കുംബ്ലെയ്ക്ക് കഴിയുമായിരുന്നില്ല.
കുംബ്ലെയുടെ രാജി പ്രഖ്യാപനത്തിന് കായിക ലോകത്ത് നിന്നു തന്നെ അതൃപ്തി എത്തി. കുംബ്ലെയ്ക്ക് പിന്തുണ നല്കുന്നവര് ഏറെ. ബിസിസിഐയ്ക്കും താല്‍പ്പര്യം ഇന്ത്യയുടെ വിജയ സീസണ് കാരണമായ കുംബ്ലെയോട് തന്നെ. ഇതിനിടെ ആരുടെയും പേര് പരാമര്‍ശിക്കാതെ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ്ണം അഭിനവ് ബിന്ദ്ര ഇട്ട ട്വീറ്റ് വൈറലായി. അത് കോഹ്ലിക്കുള്ള മറുപടിയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാം.
എന്റെ ഗുരുവും വഴികാട്ടിയും എന്റെ കോച്ചായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തോട് എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട്. എന്നിട്ടും 20 വര്‍ഷം ഞാന്‍ അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നേടി. എപ്പോഴുമുള്ള ഉപദേശ എനിക്കിഷ്ടമല്ലായിരുന്നു.ഇത് ഇവിടെ വെറുതെ പറഞ്ഞെന്നേയുള്ളുവെന്ന് ബിന്ദ്ര കുറിച്ചു.
കോഹ്ലിയുടെയും കുംബ്ലെയുടെയും പേര് പറഞ്ഞില്ലെങ്കിലും ഇന്ത്യന്‍ ടീമിനെ ഉദ്ദേശിച്ചാണിതെന്ന് വ്യക്തം. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും സമാനമായ ട്വീറ്റ് നല്കി. തന്റെ പരിശീലകനും ഇതു പോലെ തന്നെയായിരുന്നു. അത് പരിശീലനത്തിന്റെ ഭാഗമാണ്. അദ്ദേഹം തന്നെയാണ് ഇപ്പോഴും തന്റെ പരിശീലകനെന്ന് ജ്വാല പറഞ്ഞു.






