
റിയാദ്: വിശുദ്ധനഗരമായ മെക്കയിലെ പള്ളിയില്‍ ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊളിച്ചു. മെക്കയില്‍ നിന്നും രണ്ടു തീവ്രവാദി സംഘത്തെയും മൂന്നാമത്തെ സംഘത്തെ ജെദ്ദയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. റംസാന് മാസത്തിലെ അവസാന വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള നീക്കമായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്.
സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെക്കയിലെ അസ്സിലാ ജില്ലയിലായിരുന്നു സൗദി സുരക്ഷാ വിഭാഗത്തിന്റെ ആദ്യ ഓപ്പറേഷന്. രണ്ടാമത്തേത് അജാദ് അല്‍ മസാഫിയ്ക്ക് സമീപവും നടത്തി. അജാദ് അല്‍ മസാഫിയിലെ ഒരു വീടിനുള്ളില്‍ ഒളിച്ചിരുന്ന ചാവേര്‍ സുരക്ഷാ വിഭാഗം ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാള്‍ വീടു വളഞ്ഞ സുരക്ഷാവിഭാഗത്തിന് നേരെ ആദ്യം വെടിവെച്ചു. അതിന് ശേഷമാണ് പൊട്ടിത്തെറിച്ചത്. കെട്ടടം തകര്‍ന്നു വീണിരുന്നു.
സംഭവത്തില്‍ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വന്‍ ദുരന്തമായി മാറുമായിരുന്ന സംഭവം സുരക്ഷാ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഒഴിവാക്കാനായത്. റംസാന് വ്രതം അവസാനിക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തുടനീളമുള്ള അനേകം വിശ്വാസികള്‍ അടക്കം ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ സൗദിഅറേബ്യ പുറത്തുവിട്ടിട്ടില്ല. ഐഎസ് തീവ്രവാദികളുടേതെന്ന സംശയിക്കുന്ന അനേകം ആക്രമണങ്ങളാണ് അടുത്തകാലത്ത സൗദി നേരിട്ടത്.
2016 ജൂലൈയില്‍ മദീനയിലെ മോസ്ക്കിന് സമീപത്ത് നടന്ന ചാവേര്‍ ആക്രമണത്തില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സിറിയയിലും ഇറാഖിലും നടക്കുന്ന ഐഎസ് വിരുദ്ധ ആക്രമണത്തില്‍ അമേരിക്ക നയിക്കുന്ന സഖ്യകക്ഷികളില്‍ അംഗമാണ് സൗദി അറേബ്യ. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ സൗദി തയ്യാറായിട്ടില്ല. അതേസമയം തന്നെ തകര്‍ന്ന കെട്ടിടത്തിന്റെയും മറ്റും ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഇന്നലെ സൗദിയിലെ പുതിയ രാജകുമാരന് ചുമതലയേല്ക്കുന്നതിനെതിരേ ഇറാനില്‍ വിമതര്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഭീകരാക്രമണം തകര്‍ത്തതും.






