
ബ്രസൽസ്: യുവാക്കളിലും കുട്ടികളിലും സോഷ്യൽ മീഡിയയോടുള്ള അമിത ആസക്തി വർധിപ്പിക്കുന്ന രീതിയിലുള്ള ഫീച്ചറുകൾ ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് മെറ്റയ്‌ക്കെതിരെ പിഴ ചുമത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നു. യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം പ്രവർത്തനങ്ങളോടുള്ള ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി.
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലെ അനന്തമായ സ്‌ക്രോളിംഗ് സംവിധാനം, ഓട്ടോപ്ലേ വീഡിയോകൾ, റീൽസ്, സ്റ്റോറീസ് തുടങ്ങിയ സവിശേഷതകൾ ഉപയോക്താക്കളെ കൂടുതൽ സമയം ആപ്പുകളിൽ തുടരാൻ പ്രേരിപ്പിക്കുന്നുവെന്നാണ് യൂറോപ്യൻ യൂണിയന്റെ വിലയിരുത്തൽ. ഇത്തരം സംവിധാനങ്ങൾ പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും അമിത ഉപയോഗത്തിനും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കൗമാരക്കാരുടെ ജീവിതശൈലിയെ പ്രതികൂലമായി സ്വാധീനിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പനകളെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യൻ യൂണിയൻ നടപടിയിലേക്ക് നീങ്ങുന്നത്.
അതേസമയം, കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നടപ്പാക്കിയിട്ടുണ്ടെന്നാണ് മെറ്റയുടെ വിശദീകരണം.






