
കൊച്ചി : തന്റെ സിനിമകള്‍ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് നടന് ദിലീപ്. മലയാള സിനിമയില്‍ മറ്റൊരാള്‍ക്കും തന്റെ അനുഭവം ഉണ്ടാകരുതെന്നും താരം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. സംഭവത്തിന് ശേഷം തന്റെ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന സമയത്ത് ഉയരുന്ന ഇത്തരം വിവാദങ്ങള്‍ ഗൂഢനീക്കത്തിന്റെ ഭാഗമാണ്. കേസിലെ പ്രതിയായ സുനിയുടെ സുഹൃത്ത് വിഷ്ണു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ കുറിച്ച് പ്രതികരിക്കവേയാണ് ദിലീപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഡിജിപിക്ക് രണ്ടു മാസം മുന്‍പ് താന്‍ നല്കിയ പരാതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്ത വരുന്നതും നടിയെ ആക്രമിച്ച സംഭവത്തില്‍ താനാണെന്ന് പ്രചരിപ്പിക്കുന്നതും ബോധപൂര്‍വമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇതിനു പിന്നിലെ സത്യം എന്താണെങ്കിലും ഉടന്‍ പുറത്തു വരണമെന്നും ഏതു സമയത്തും കേസുമായി ബന്ധപ്പെട്ട് മൊഴി നല്കാന് തയ്യാറാണെന്നും പോലീസ് തന്റെ മൊഴിയെടുക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.






