മുംബൈ: റഷ്യയിലും യൂറോപ്പിലും ഉണ്ടായ വാനാക്രൈ ആക്രമണം ഇന്ത്യയിലും. മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തിലെ ഒരു ടെര്‍മിനലിനെ വാനാക്രൈ റാന്‍സംവേര്‍ ആക്രമണം ബാധിച്ചതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ആക്രമണം ബാധിച്ച എപി മോളര്‍ മാര്സ്കിനെയാണ് ആക്രമണം ബാധിച്ചത്. മോളര്‍ മാര്‍സ്ക് ആണ് ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തിലെ ടെര്‍മിനല്‍ കൈകാര്യം ചെയ്യുന്നത്.
ഗേറ്റ്വേ ടെര്‍മിനല്‍സ് ഇന്ത്യയെ ആക്രമണം ബാധിച്ചതായി ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് സ്ഥിരീകരിച്ചു. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ജെഎന്‍പിടി അധികൃതര്‍ സ്ഥിരീകരിച്ചു. ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എപിഎം ടെര്‍മിനല്‍സ് തന്നെയാണ് ഗുജറാത്തിലെ പിപാവാവ് ടെര്‍മിനലിന്റെയും മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്നത്.
പെറ്റിയ എന്നറിയപ്പെടുന്ന പുതിയ തരം റാന്‍സംവേര്‍ ലോകവ്യാപകമായി 17 എപിഎം ടെര്‍മിനലുകളെ ബാധിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോട്ടര്‍ഡാമിലെ രണ്ട് ടെര്‍മിനലുകളും മറ്റ് ലോകരാജ്യങ്ങളിലെ പതിനഞ്ചോളം എപിഎം ടെര്‍മിനലുകളുമാണ് ആക്രമിക്കപ്പെട്ടത്. റഷ്യയിലെയും യുക്രൈനിലെയും കമ്പ്യുട്ടറുകളെയും വാനാക്രൈ ആക്രമണം ബാധിച്ചു.






