
കളമശ്ശേരി: എറണാകുളം മെഡിക്കല്‍ കോളേജിലെ രോഗികളെ ദുരതത്തിലാക്കി സിനിമ ഷൂട്ടിങ്. പകര്‍ച്ചവ്യാധികള്‍ മൂലം രോഗികളുടെ എണ്ണം അനിയന്ത്രിതമായി കൂടിയിരിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ബുദ്ധിമുട്ടിച്ചായിരുന്നു ഷൂട്ടിങ്. ഒപി കെട്ടിടത്തില്‍ ഞായറാഴ്ച രാവിലെ മുതലായിരുന്നു ഷൂട്ടിങ്. കാരുണ്യ ഫാര്മസിയിലേയ്ക്കും ആര്‍എസ്ബിവൈ കൗണ്ടറിലേയ്ക്കും പോകവുന്നവരെയാണ് ഷൂട്ടിങ് കുരുക്കിയത്.
ഞായറാഴ്ച ഒപി അവധിയാണെന്ന കാര്യം പറഞ്ഞാണ് ഷൂട്ടിങിന് അനുവാദം നല്‍കിയത് എന്നാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബിവൈ കൗണ്ടറിന് അവധിയില്ലായിരുന്നു. കൗണ്ടറിലേയ്ക്ക് എത്തിയ രോഗികളെ പലപ്പോഴും തടഞ്ഞു വെയ്ക്കുകയും ചെയ്തു. പിന്നീട് രോഗികള്‍ ബഹളം വെച്ചതോടെയാണ് അകത്തേയ്ക്ക് കടത്തി വിടാന്‍ തയ്യാറായത്.
മെഡിക്കല്‍ കോളേജിലെ സ്ട്രെക്ച്ചറുള്പ്പെടെയുള്ള ഉപകരണങ്ങളും ചിത്രീകരണത്തിനായെടുത്തു. ഫാര്‍മസിയും ഷൂട്ടിങിനായി ഉപയോഗിച്ചു. ഫാര്‍മസിസ്റ്റോ മറ്റ് ഉത്തരവാദിത്തപ്പെട്ട ജീവനക്കാരോ ഇല്ലാതെയാണ് ഫാര്‍മസിയില്‍ ഷൂട്ടിങ് നടത്തിയത്. അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട മരുന്നുകളുള്ള ഇവിടെ ഷൂട്ടിങ് നടത്തിയത് ഗുരതര വീഴ്ചയായി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് രോഗികള്‍ കുമിഞ്ഞു കൂടുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രി ഷൂട്ടിങിന് വിട്ടുകൊടുത്തത് വിവാദമായിട്ടുണ്ട്. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി ആശുപത്രി വികസന സമിതി അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.






