
പുതുക്കാട് (തൃശൂര്‍): കൂലിത്തര്ക്കത്തേത്തുടര്ന്ന് ഉടമയും പാപ്പാന്മാരും ഇടഞ്ഞതോടെ പറമ്പില്‍ തളച്ച കൊമ്പന് അഞ്ചുനാളായി പട്ടിണിയില്‍. പുതുക്കാട് കണ്ണമ്പത്തൂരിലാണു കുഴൂര്‍ സ്വാമിനാഥനെന്ന കൊമ്പന് തീറ്റയും വെള്ളവുമില്ലാതെ വലയുന്നത്.
സമീപവാസികള്‍ വല്ലപ്പോഴും നല്കുന്ന തീറ്റയാണ് ആനയുടെ ജീവന് നിലനിര്‍ത്തുന്നത്. ദിവസം 30 പട്ടയെങ്കിലും തിന്നുന്ന ആനയ്ക്ക് ഒരു പട്ടപോലും കിട്ടാത്ത അവസ്ഥയാണ്. കഴിഞ്ഞ ഏപ്രിലിലാണ് ആനയെ കണ്ണമ്പത്തൂരിലെ പറമ്പില്‍ തളച്ചത്. നീരിലായ ആനയെ നാലുദിവസം മുമ്പ് അഴിച്ചതിനേത്തുടര്ന്നാണ് ഒന്നാംപാപ്പാനും ഉടമയും തമ്മില്‍ കൂലിത്തര്ക്കമുണ്ടായത്.
മദപ്പാട് സമയത്ത് ഉടമയാണ് ആനയ്ക്കു തീറ്റയെത്തിച്ചിരുന്നത്. കൂലിത്തര്‍ക്കം രൂക്ഷമായതോടെ ആനയ്ക്കു കൃത്യമായി ഭക്ഷണം കിട്ടാതായി. ഉടമ പണം നല്കാത്തതിനാല് തങ്ങളുടെ നിത്യച്ചെലവും ആനയുടെ തീറ്റയും മുടങ്ങിയെന്നു പാപ്പാന്മാര് ആരോപിച്ചു.
സമീപവാസിയായ ഒല്ലൂക്കാരന്‍ അമ്മിണിയുടെ നിര്ധനകുടുംബമാണിപ്പോള് ദിവസവും അഞ്ചു കിലോ അരിയുടെ കഞ്ഞിവച്ച് ആനയ്ക്കു നല്‍കുന്നത്. നാലു ദിവസമായി ഇതു മാത്രമാണ് ആനയുടെ ആഹാരം.
നാട്ടുകാര്‍ ഉടമയെ വിവരമറിയിച്ചെങ്കിലും തീറ്റയെത്തിച്ചില്ല. ആനയെ എറണാകുളത്തുള്ള പറമ്പില്‍ കൊണ്ടുവന്ന് കെട്ടണമെന്നാണ് ഉടമയുടെ നിലപാട്. കൂലി നല്‍കാതെ ആനയെ അഴിക്കില്ലെന്ന നിലപാടില്‍ പാപ്പാന്മാരും. 30,000 രൂപ കൂലിക്കുടിശികയുണ്ടെന്ന് ഒന്നാംപാപ്പാന് പറയുന്നു.
തങ്ങള്‍ക്കു ഭക്ഷണം കഴിക്കാന്‍പോലും പണമില്ലാത്ത അവസ്ഥയാണെന്നു പാപ്പാന്മാര് പരിതപിച്ചു. ഇവര്‍ക്കെതിരേ ഉടമ പുതുക്കാട് പോലീസില്‍ പരാതിയും നല്കി. പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല.






