
പാലക്കാട് : ജി.എസ്.ടിയുടെ പേരില്‍ നിലവിലെ വിലയുടെ മേല്‍ 18 ശതമാനം നികുതിയും ചേര്‍ത്ത് ഭക്ഷണവില വര്‍ധിപ്പിച്ച ഹോട്ടലുകള്‍ക്ക് കൊള്ളലാഭം. ജി.എസ്.ടി. നികുതി സമ്പ്രദായപ്രകാരം എ.സി. റെസ്േറ്റാറന്റുകള്ക്ക് 18 ശതമാനം നികുതിയാണെന്ന പേരിലാണ് ഉപയോക്താക്കളെ പിഴിയുന്നത്. എന്നാല്‍ മുമ്പുണ്ടായിരുന്ന നികുതി സമ്പ്രദായത്തേക്കാള്‍ 11.5 ശതമാനം നികുതി കുറവാണ് ജി.എസ്.ടിയില്‍. മാത്രമല്ല ഇന്‍പുട്ട് ടാക്സ് പ്രകാരം 18 ശതമാനത്തിലും ഇളവുകിട്ടുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
വാര്‍ഷിക വിറ്റുവരവ് 20 ലക്ഷംവരെയുള്ള ഹോട്ടലുകളെ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത് ദിവസം ശരാശരി 5500 രൂപയുടെ കച്ചവടമുള്ള ഹോട്ടലുകള്‍ക്ക് നികുതിയില്ല. ജി.എസ്.ടി രജിസ്ട്രേഷനും ആവശ്യമില്ല. 75 ലക്ഷംരൂപവരെ വാര്‍ഷിക വിറ്റുവരവുള്ള നോണ്‍ എ.സി റസ്റ്റോറന്റുകള്‍ക്ക് അഞ്ചുശതമാനമാണ് ജി.എസ്.ടി. നികുതി.
75 ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ള നോണ്‍ എ.സി. റെസ്റ്റോറന്റുകള്‍ക്ക് 12 ശതമാനമാണ് ജി.എസ്.ടി പ്രകാരം നികുതി നല്‍കേണ്ടത്. നിലവിലുണ്ടായിരുന്ന വാറ്റ് പ്രകാരം ഈ ഹോട്ടലുകള്‍ 14.5 ശതമാനമാണ് നികുതി ഒടുക്കിയിരുന്നത്. ജി.എസ്.ടി വന്ന സാഹചര്യത്തില്‍ ഇവിടെ 2.5 ശതമാനത്തിന്റെ നികുതി ഇളവിന്റെ ആനുകൂല്യമായിരുന്നു ഉപയോക്താക്കള്‍ക്കു ലഭിക്കേണ്ടിയിരുന്നത് എ.സി റസ്റ്റോറന്റുകള്‍ക്ക് 18 ശതമാനം നികുതിയാണ് ജി.എസ്.ടിയില്‍ നിര്‍ദേശിച്ചത്. നേരത്തെ 15 ശതമാനം സേവനനികുതിയും 14.5 ശതമാനം വാറ്റും ചേര്‍ത്ത് 29.5 ശതമാനമായിരുന്ന നികുതിയാണ് 18 ആയി കുറഞ്ഞത്. അതായതു മുമ്പുണ്ടായിരുന്നതിനേക്കാള്‍ 11.5 % കുറവ്.
ഇതോടൊപ്പം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് കൂടി കണക്കാക്കിയാല്‍ 18 ശതമാനം നികുതിയില്‍ വീണ്ടും ഇളവു ലഭിക്കും. ഹോട്ടലില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡഡ് എണ്ണ, അരി, മസാലപ്പൊടികള്‍, ക്ലീനിങ് ലിക്വിഡ് തുടങ്ങിയവയ്ക്ക് അഞ്ചുമുതല്‍ മുതല്‍ 18 ശതമാനംവരെയാണ് ജി.എസ്.ടി നികുതി. ഒറ്റനികുതി സമ്പ്രദായത്തിലേക്ക് മാറിയ സാഹചര്യത്തില്‍ ഈ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്കിയ നികുതി ഭക്ഷണം വിളമ്പുമ്പോള്‍ ഈടാക്കുന്ന 18 ശതമാനത്തില്‍നിന്നു കുറവുചെയ്യാന്‍ സൗകര്യമുണ്ടാവും. ഫലത്തില്‍ ജി.എസ്.ടി 14 ശതമാനത്തോളമേ നല്‍കേണ്ടി വരൂ എന്നാണു വിദഗ്ധര്‍ പറയുന്നത്.






