
കോഴിക്കോട്: രക്തം പരിശോധിച്ചപ്പോള്‍ എയ്ഡ്സ് ഉണ്ടെന്ന് സ്വകാര്യ ലാബിന്റെ തെറ്റായ കണ്ടെത്തല്‍ പത്തൊമ്പതുകാരനെ വലച്ചത് രണ്ടു ദിവസം. റിപ്പോര്‍ട്ട് കണ്ട് പ്രതിരോധമരുന്ന് കഴിച്ച് നഴ്സിന് പാര്‍ശ്വഫലം ഉണ്ടാകുകയും ചെയ്തു. കോഴിക്കോട് നടന്ന സംഭവത്തില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ കൗമാരക്കാരന്റെ രക്തം മെഡിക്കല്‍ കോളേജിന് സമീപത്തെ സ്വകാര്യ ലാബാണ് പരിശോധിച്ച് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ഹീമോഫീലിയ ബാധിച്ച 19 കാരന് ബുധനാഴ്ച വൈകിട്ടായിരുന്നു ചികിത്സയ്ക്ക് എത്തിയത്. ചികിത്സയുടെ ഭാഗമായി സിറിഞ്ച് കുത്തുന്നതിനിടയില്‍ നഴ്സിന്റെ കയ്യില്‍ സൂചി കൊണ്ടു മുറിവുണ്ടായി. നഴ്സ് ഡോക്ടറോട് കാര്യം പറഞ്ഞപ്പോള്‍ എയ്ഡ്സിനുള്ള എലീസ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിലെ ലാബ് അടച്ചിരുന്നതിനാല്‍ സ്വകാര്യ ലാബിലായിരുന്നു പരിശോധന നടത്തിയത്്. ഇവര്‍ നല്‍കിയത് എച്ച്ഐവി പോസിറ്റീവ് എന്ന റിപ്പോര്‍ട്ടായിരുന്നു. ഫലം കണ്ട് നഴ്സ് ആധിപിടിക്കുകയും എയ്ഡ് പ്രതിരോധ ഗുളിക കഴിക്കുകയും ചെയ്തു.
ഇതിനിടയില്‍ ഫലം ഒന്നുകൂടി ഉറപ്പിക്കാനായി രോഗിയുടെ രക്തം മറ്റൊരു സ്വകാര്യ ലാബില്‍ കൂടി പരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദേശം നല്കി. ഇവിടുത്തെ പരിശോധനയില്‍ ഫലം നെഗറ്റീവെന്ന് കണ്ടെത്തി. ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജിലെ തന്നെ ജ്യോതിസ് ലാബിലും പരിശോധന നടത്തി എയ്ഡ്സ് ഇല്ലെന്ന് ഉറപ്പാക്കുന്നത് വരെ കടുത്ത മാനസീക സമ്മര്‍ദ്ദമാണ് 19 കാരന് അനുഭവിച്ചത്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മരുമകന് നടത്തുന്ന സ്വകാര്യ ലാബിനെതിരേ ഹെമറ്റോളജി വാര്‍ഡിലുള്ള കുടുംബം പരാതി നല്‍കാനുള്ള നീക്കത്തിലാണ്.






