
ന്യൂയോര്‍ക്ക്: ഒരു വര്‍ഷം മുമ്പ് ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാകുകയും പിന്നീട് ഗര്ഭമലസിപോകുകയും ചെയ്തതിന് 19 കാരിക്ക് കോടതി വിധിച്ചത് 30 വര്‍ഷത്തെ തടവു ശിക്ഷ. ഗര്‍ഭഛിദ്രം കടുത്ത നിയമലംഘനമായി കരുതാറുള്ള എല്‍ സാല്‍വദോറില്‍ നടന്ന സംഭവത്തില്‍ ഈവ്ലിന് ബിയാട്രീസ് ക്രൂസ് എന്ന 19 കാരിക്കാണ് ശിക്ഷ ലഭിച്ചത്. ഗര്‍ഭസ്ഥശിശുവിനെ കക്കൂസില്‍ എറിഞ്ഞു കൊന്നെന്നായിരുന്നു കോടതി കണ്ടെത്തിയത്. ശിക്ഷ അന്താരാഷ്ട്ര തലത്തില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിട്ടുമുണ്ട്.
സംഭവം വന്‍ ചര്‍ച്ചയാകുകയും എല്‍ സാല്‍വദോറിലെ ഗര്‍ഭഛിദ്ര നിരോധന നിയമത്തിനെതിരേ ആംനസ്റ്റി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും ചെയ്തു. കേസില്‍ ഈവ്ലിന് തന്റെ നവജാതശിശുവിനെ കൊന്നില്ലെങ്കിലും സ്റ്റേറ്റ് പ്രോസിക്യൂട്ടറിന് ഈ രീതിയിലേക്ക് കേസ് വളച്ചൊടിക്കാന്‍ സാധിച്ചെന്നും ജഡ്ജി സാക്ഷികളെ വിസ്തരിക്കാനോ തെളിവുകളെ ആശ്രയിക്കാനോ തയ്യാറായില്ലെന്നത് നിര്‍ഭാഗ്യകരമായി പോയെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനം. കൗമാരക്കാരിയുടെ അഭിഭാഷകന് കേസില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്. ക്ളോസെറ്റില്‍ ഭ്രൂണം കണ്ടെത്തിയതാണ് ക്രൂസിനെ കുഴപ്പത്തിലാക്കിയത്.
നേരത്തേ താന്‍ ബലാത്സംഗത്തിന് ഇരയായ വിവരം ബിയാട്രീസ് ക്രൂസ് പേടി കാരണം പോലീസിനെ അറിയിച്ചിരുന്നില്ല. 2016 ഏപ്രിലില്‍ ആയിരുന്നു ആരോപിക്കപ്പെട്ട കുറ്റം നടന്നത്. എന്നാല്‍ അടിവയറ്റിലുണ്ടായ ശക്തമായ വേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ കുഴഞ്ഞു വീഴും വരെ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു. കേസില്‍ മാതാവാകാന്‍ പോകുന്ന ക്രൂസ് വയറ്റില്‍ വളരുന്ന കുഞ്ഞിന് മതിയായ ഗര്‍ഭസംരക്ഷണം നടത്തിയില്ലെന്നും പുറത്തു വന്ന ശേഷമാണ് കുട്ടി മരിച്ചതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.
ഏത് കേസിലായാലും ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി കരുതുന്ന കത്തോലിക്കാ സഭയ്ക്ക് കടുത്ത സ്വാധീനമുള്ള ലോകത്തെ അഞ്ചു രാജ്യങ്ങളില്‍ ഒന്നാണ് എല്‍ സാല്‍വദോര്‍. 1998 ല്‍ നടപ്പിലാക്കിയ നിയമം അനുസരിച്ച ബലാത്സംഗത്തിന് ഇരയായിട്ട് ഗര്ഭിണിയായതാണെങ്കിലും ഭ്രൂണഹത്യ നടത്തിയാല്‍ കൊലപാതക കുറ്റം ചുമത്തും.
എട്ടു വര്‍ഷം മുതല്‍ 40 വര്‍ഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണ് ഇത്. 2000 നും 2014 നും ഇടയില്‍ 147 കേസുകളാണ് എല്‍ സാല്‍വദോറിലെ അലയന്‍സ് ഫോര്‍ വുമണ്‍ ഹെല്‍ത്ത് ആന്റ് ലൈഫ് കണക്കുകള്‍ പറയുന്നത്. 2011 ല്‍ ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് മരിയാ തെരേസാ റിവേറയെ 40 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് 2016 ല്‍ ഇവരെ വെറുതേ വിടുകയും ചെയ്തിരുന്നു. വനിതാ സംഘടനകളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന മിക്ക ലാറ്റനമേരിക്കന്‍ രാജ്യങ്ങളും ഗര്‍ഭഛിദ്ര നിയമം ലഘൂകരിച്ചിട്ടുണ്ട്.






