
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഉത്തരര്പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍. കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളുടെ സ്മാരകങ്ങള്‍ തകര്‍ത്ത് നെഹ്റു-ഗാന്ധി പൈതൃകം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമമെന്ന് ബബ്ബാര്‍ പറഞ്ഞു. സ്മരകങ്ങള്‍ തകര്‍ക്കാന്‍ മാത്രമല്ല അവരുടെ ആശയങ്ങളും ഇല്ലതാക്കാനാണ് ശ്രമം. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഞങ്ങളുടെ പാരമ്പര്യം തച്ചുടയ്ക്കാന്‍ ശ്രമം തുടരുകയാണെന്നും ബബ്ബാര്‍ വ്യക്തമാക്കി. സ്മാരകങ്ങള്‍ തകര്‍ച്ച കേസില്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ 24 മണിക്കൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബബ്ബാര്‍.
മോഡി സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കളുടെ സ്മാരകങ്ങള്‍ തകര്‍ക്കുന്നില്ല. എന്നാല്‍ ആശയങ്ങള്‍ ഇല്ലാതാക്കുന്നു. അവര്‍ ഷരണ്പുരിലെ രവിദാസിന്റെ സ്മാരകവും മിര്‍സപുരിലെ രാജീവ് ഗാന്ധിയുടെ സ്മാരകവും കതൗലിയിലെ ഇന്ദിര ഗാന്ധിയുടെ സ്മാരകവും തച്ചുടച്ചു. നെഹ്റു- ഗാന്ധി പാരമ്പര്യത്തെ അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ അവ തകര്‍ക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം മുസാഫര്‍നഗറില്‍ ഇന്ദിര ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തിരുന്നു. നേരത്തെ മിര്‍സാപുരില്‍ രാജീവ് ഗാന്ധിയുടെ സ്മാരകം തകര്‍ത്തതിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.






