
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ കാണാൻ ക്യൂ നിന്ന ആൾ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ.മുരളീധരൻ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ടു തേടി. നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ 52 ആണ് കുഴഞ്ഞ് വീണ് മരിച്ചത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞിട്ടും ക്യൂ നിർത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച ബന്ധുക്കൾ പ്രതിഷേധമുയർത്തി.
വ്യാഴാഴ്ച രാത്രി കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ശാരീരികാവസ്ഥ വിവരിച്ചിട്ടും സെക്യൂരിറ്റി ഉദ്യോഗസ്ഥൻ രാജേഷിനോട് ക്യൂ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. അരമണിക്കൂറോളം ക്യൂ നിന്ന ശേഷമായിരുന്നു കുഴഞ്ഞു വീണത്. തക്കസമയത്ത് ചികിത്സ നൽകിയിരുന്നുവെങ്കിൽ അത്യാഹിതമുണ്ടാവില്ലായിരുന്നു എന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
രാജേഷ് മരിച്ചതോടെ ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞെത്തിയ നാട്ടുകാരുംബന്ധുക്കളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.






