
വേനലവധി കഴിഞ്ഞു. സ്കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ പഠനഭാരവും കൂടിത്തുടങ്ങും. ഈ സമയത്ത് നാവില്‍ രുചിയൂറുന്ന, ആരോഗ്യം നല്കുന്ന ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്തണം.
സൂപ്പ്- പഴച്ചാറുകളുടെയും മാംസഭക്ഷണത്തിന്റെയും സത്തില്‍ തയാറാക്കുന്ന വിഭവം. പ്രധാന ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് സൂപ്പ് കുടിക്കണമെന്നാണ് പറയാറ്.
സൂപ്പ് കുടിക്കുന്നത് വയറിലും കുടലിലുമുള്ള ദഹനഗ്രന്ഥികളുടെ പ്രവര്‍ത്തനം സുഗമമാക്കാനും അതുവഴി നല്ല രീതിയില്‍ ദഹനപ്രക്രിയ നടക്കാനും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ പ്രാധാന്യമേറിയ ഒരു വിഭവമാണ് സൂപ്പ്.
സാലഡുപോലെ പോഷകസമൃദ്ധമാണ് സൂപ്പുകളും. മാംസങ്ങള്‍ മാത്രമുപയോഗിച്ചും, പച്ചക്കറികള്‍ മാത്രമുപയോഗിച്ചും, ഇവ രണ്ടും മിശ്രിതമാക്കിയും സൂപ്പുകള്‍ ഉണ്ടാക്കാവുന്നതാണ്. ചിലയാളുകള്‍ക്ക് ഇടഭക്ഷണമായും സൂപ്പുകള്‍ നല്‍കാറുണ്ട്.
സാധാരണയായി തണുപ്പ് കാലാവസ്ഥയിലാണ് സൂപ്പുകള്‍ ഉപയോഗിക്കുക. നല്ല ഉന്മേഷവും ഊര്‍ജസ്വലതയും നല്കാന് സൂപ്പുകള്‍ക്ക് സാധിക്കുന്നതിനാല്‍ ഏത് കാലാവസ്ഥയിലും ഇവ സ്വീകാര്യമാണ്. ക്ഷീണം നന്നേ അനുഭവപ്പെടുന്ന ഇപ്പോഴത്തെ കാലാവസ്ഥയിലും സൂപ്പുകള്‍ സേവിക്കുന്നത് വളരെ നല്ലതാണ്.
ക്രീം ഓഫ് റ്റൊമാറ്റോ സൂപ്പ്
ചേരുവകള്‍
പഴുത്ത തക്കാളി (അരിഞ്ഞത്) - 1 കപ്പ്
സവാള (നീളത്തില്‍ അരിഞ്ഞത്) - 1
വെണ്ണ/ ബട്ടര്‍ - 1 ടേബിള്‍സ്പൂണ്‍
പാല് - 1 കപ്പ്
റ്റൊമാറ്റോ സോസ് - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്
കോണ്‍ഫ്ളവര്‍ - 1 1/2 ടേബിള്‍സ്പൂണ്‍
തയാറാക്കുന്നവിധം
വെണ്ണ ഉരുക്കി സവാളയും തക്കാളിയും നന്നായി വഴറ്റിയതിനുശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ശേഷം നന്നായി ഉടച്ച് അരിച്ചെടുക്കുക. കോണ്‍ഫ്ളവര്‍ പാലില്‍ കട്ടപിടിക്കാതെ നന്നായി ഇളക്കിച്ചേര്‍ക്കുക. വേവിച്ച് അരിച്ചെടുത്ത മിശ്രിതം നന്നായി തിളപ്പിക്കുക. തിളച്ചുകൊണ്ടിരിക്കുമ്പോള്‍ പാല്- കോണ്‍ഫ്ളവര്‍ മിശ്രിതം സാവകാശം അതിലേക്കൊഴിച്ച് തുടരെ ഇളക്കുക. പിരിഞ്ഞുപോവാതെ ശ്രദ്ധിക്കുക. അതിലേക്ക് ഉപ്പും റ്റൊമാറ്റോ സോസും ചേര്‍ക്കുക. ആവശ്യത്തിന് കുറുകുമ്പോള്‍ തീയണയ്ക്കുക. ഫ്രഷ് ക്രീം ഉണ്ടെങ്കില്‍ അല്പം ചേര്‍ക്കാവുന്നതാണ്. കുരുമുളകുപൊടി വിതറി ചൂടോടെ സേവിക്കാം.






