ന്യൂഡല്‍ഹി: ബിഎസ്പി അധ്യക്ഷ മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. ദളിത് വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അനുവദിക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് മായാവതി രാജ്യസഭാംഗത്വം രാജിവച്ചത്. രാജ്യസഭാ സെക്രട്ടറിക്ക് മായാവതി രാജിക്കത്ത് കൈമാറി. രാജ്യസഭയില്‍ ദളിത് പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ച മായാവതിക്ക് ഡെപ്യൂട്ടി ചെയര്മാന് പിജെ കുര്യന് അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നിറങ്ങിപ്പോയ മായാവതി താന്‍ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
രാജ്യസഭാംഗത്വത്തിന്റെ കാലാവധി അവസാനിക്കാന്‍ ഒന്‍പത് മാസം ബാക്കി നില്‍ക്കെയാണ് മായാവതി രാജിവച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ ഒതുങ്ങിയ ബിഎസ്പിക്ക് ഇനി മായാവതിയെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാനുള്ള അംഗബലമില്ല. അതേസമയം ദളിത് വിഷയങ്ങള്‍ ചര്‍ച്ചയാക്കി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കമാണ് മായാവതിയുടെ രാജിക്ക് പിന്നിലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, യുപിയിലെ ദളിത് വോട്ട് ബാങ്കിലേക്ക് കടന്നു കയറാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഇതു കൂടി മുന്നില്‍ കണ്ടാണ് മായാവതിയുടെ രാഷ്ട്രീയ നീക്കങ്ങള്‍. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ഗോസംരക്ഷകരുടെ അക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ബിജെപി പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തില്‍ കുടിയാണ് മായാവതിയുടെ രാഷ്ട്രീയ നീക്കം.






