
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ ട്രോളിയ കേരള പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി യുവാവ്. മലപ്പുറം സ്വദേശിയാണ് പരാതി നൽകിയത്.
അർജന്റീനയെ മോശമായി ചിത്രീകരിച്ചെന്നും വ്യക്തിപരമായ താൽപര്യങ്ങൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
'കേരള ജനതയ്ക്കൊപ്പം' എന്ന സന്ദേശത്തോടെയായിരുന്നു കേരള പൊലീസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ, അർജന്റീനയെ പരിഹസിക്കുന്ന തരത്തിലുള്ള ഉള്ളടക്കമാണെന്ന് ആരോപിച്ച് പോസ്റ്റിനെതിരെ വ്യാപക വിമർശനവും ചർച്ചയും ഉയർന്നു. തുടർന്ന് കേരള പൊലീസ് പോസ്റ്റ് പിൻവലിച്ചു.
അർജന്റീന നായകൻ ലയണൽ മെസ്സിയുടെ തോളിൽ കൈവെച്ച് നിൽക്കുന്ന റഫറിയുടെ ചിത്രവും കേരളത്തെ ചേർത്തുപിടിച്ച് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും ചേർത്തായിരുന്നു പോസ്റ്റർ തയ്യാറാക്കിയിരുന്നത്. 'ഒപ്പമുണ്ട്' എന്ന വാചകവും പോസ്റ്റിലുണ്ടായിരുന്നു.
ലോകകപ്പ് ഫുട്ബോളിനിടെ ഫിഫയും റഫറിയും മെസ്സിക്കും അർജന്റീനയ്ക്കും അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് കേരള പൊലീസിന്റെ പോസ്റ്റും ശ്രദ്ധ നേടിയത്.






