
തൃശൂര്‍: ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രകാര്യങ്ങളിലെ കോടതിയുടെ അമിത ഇടപെടലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ. മുരളീധരന്‍ രംഗത്ത്. എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാല്‍ പിന്നെ ഭക്തജനങ്ങള്‍ക്കും ദേവസ്വം ബോർഡിനും സര്‍ക്കാരിനും എന്ത് റോളാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ പൂജയ്ക്ക് ഏതു പൂവ് ഉപയോഗിക്കണം എന്നു വരെ ഹൈക്കോടതി പറയുന്ന സ്ഥിതിയാണെന്നും, എല്ലാത്തിനും കോടതിയുടെ ഇടപെടലാണെങ്കില്‍ പിന്നെ ഭക്തര്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.
ക്ഷേത്രങ്ങളുടെ കാര്യങ്ങളില്‍ കോടതിയുടെ അമിത ഇടപെടല്‍ വേണമോ എന്ന ചര്‍ച്ച നിയമസഭയില്‍ താന്‍ ആരംഭിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ ആരെയും ഭയക്കേണ്ടതില്ലെന്നും, എന്നാല്‍ പുറത്തു പറയുമ്പോള്‍ കോടതി അലക്ഷ്യം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.






