തൃശൂര്‍: സിബി മാത്യൂസിന്റെ പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചു. സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന ഉണ്ടെന്ന വിവാദതത്തെ തുടര്‍ന്ന് പ്രകാശന ചടങ്ങ് ഉപേക്ഷിക്കുകയായിരുന്നു. നിര്‍ഭയം ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് പുസ്തക പ്രകാശന ചടങ്ങ് നടക്കേണ്ടിയിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, എഴുത്തുകാരി സാറ ജോസഫ് എന്നിവരെയാണ് പ്രകാശന ചടങ്ങില്‍ മുഖ്യാതിഥികളായി ക്ഷണിച്ചിരുന്നത്. സൂര്യനെല്ലി പെണ്കുട്ടിശയ അപമാനിക്കുന്ന അധ്യായം മാറ്റിയ ശേഷമേ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുവെന്ന് സാറ ജോസഫ് വ്യക്തമാക്കി. ചടങ്ങില്‍ കാനം രാജേന്ദ്രന് പങ്കെടുക്കുന്നതിന് എതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
ലൈംഗിക പീഡനക്കേസില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് രാജ്യത്തെ നിയമമാണ്. സിബി മാത്യൂസിന്റെ പുസ്തകം ഈ നിയമം ലംഘിക്കുന്നു. അതിനെതിരെ ഈ പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതി പോലീസ് അന്വേഷിക്കുകയാണ്. അപ്പോള്‍ കാനം രാജേന്ദ്രന് പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു.






