
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാരിനെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വോട്ടിംഗ് സമാധാനപരമായി പൂരോഗമിക്കുമ്പോള്‍ ചിലയിടങ്ങളില്‍ അസാധാരണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കള്ളവോട്ട് ആരോപണം മുതല്‍ വോട്ടിംഗ് മെഷീന്റെ പ്രശ്‌നങ്ങളും ചെറിയചെറിയ ഏറ്റുമുട്ടലുകളും എല്‍ഡിഎഫിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വോട്ടു ചോദിച്ചതുമെല്ലാം ഇതില്‍ പെടുന്നു.
കാസര്‍ഗോഡ് മഞ്ചേശ്വരത്താണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കയ്യാറിലെ 128ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ഗള്‍ഫിലുള്ള ഖാലിദിന്റെ വോട്ട് ജാഫര്‍ ചെയ്‌തെന്നാണ് ആരോപണം. വോട്ട് രേഖപ്പെടുത്തിയ ജാഫര്‍ കസ്റ്റഡിയിലായി. ഫറോക്കിലെ പുറ്റേക്കാട് എഎല്‍പി സ്‌കൂളില്‍ യഥാര്‍ത്ഥ വോട്ടറുടെ വോട്ട് മറ്റാരോ ചെയ്തു എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 153 നമ്പര്‍ ബൂത്തില്‍ രേഖകളുമായി യഥാര്‍ത്ഥ വോട്ടര്‍ എത്തിയപ്പോള്‍ മറ്റാരോ വോട്ടു ചെയ്തതായി അറിയിക്കുകയായിരുന്നു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ബഡാജേ ഗവ. എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന 21 ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിനേക്കാള്‍ അധികം വോട്ടിംഗ് യന്ത്രത്തില്‍ തെൡഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു. നേരത്തേ ഏലത്തൂര്‍ ബൂത്ത് 20 കൊളത്തൂര്‍ എ യുപി സ്‌കൂളിലും ബൂത്ത് 40 അരേനപൊയില്‍ മദ്രസയിലും യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളമാണ് വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു
ഇതേ തുടര്‍ന്ന് വോട്ടിംഗ് കുറച്ചു സമയം നിര്‍ത്തിവെച്ചു. 202 പേരാണ് വോട്ടുരേഖപ്പെടുത്തിയതെങ്കിലും യന്ത്രത്തില്‍ 204 എന്നാണ് തെളിഞ്ഞതെന്ന് ബൂത്ത ഏജന്റുമാര്‍ പരാതിപ്പെട്ടു. പിന്നീട് വോട്ടിംഗ് പൂര്‍ത്തിയയതിന് ശേഷം പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോ ടെയാണ് വോട്ടെടുപ്പ പുനരാരംഭിച്ചത്. തൃക്കരിപ്പൂര്‍ പുത്തിലോട്ട് ബൂത്ത് 137ല്‍ കള്ളവോട്ട് ആരോപണം ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ രംഗത്ത് വന്നു. കള്ളവോട്ട് ചോദ്യം ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റുമാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപിച്ചിട്ടുണ്ട്.
പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തില്‍ LDF സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചോദിച് NDA സ്റ്റാനാര്‍ഥിയിടെ ഫേസ്ബുക്ക് പോസ്റ്റ്. സംഗതി വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി. മുരുകദാസിന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
യുഡിഎഫ് തരംതാഴ്ന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ചിറ്റൂരില്‍ നടത്തുന്നതെന്നും ജനാധിപത്യത്തെ പരിഹസിക്കുന്ന കോണ്‍ഗ്രസ് നാടകത്തിന് ചിറ്റൂര്‍ മറുപടി നല്‍കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.മുരുകദാസിന്റെ ചിഹ്നമായ 'മോതിരം' വ്യക്തമാക്കിക്കൊണ്ട് അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫിന് വോട്ട് നല്‍കണമെന്നും പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നു. രണ്ടു മുന്നണികളും ഒന്നാണെന്നും രണ്ടുപേര്‍ക്കും ഒരു അജണ്ഡയാണെന്നും യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍ പ്രതികരിച്ചു. മണ്ഡലത്തില്‍ എല്‍ഡിഎഫ്-ബിജെപി 'ഡീല്‍' ഉണ്ടെന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞതായും പ്രതികരിച്ചു.
സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും വിശദീകരണവുമായി പ്രണേഷ് രാജേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തു. പോസ്റ്റ് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത് സംഭവിച്ചതെന്നാണ് വിശദീകരണം. പേജ് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ മനഃപൂര്‍വം ആരെങ്കിലും കെട്ടിച്ചമച്ചതാണോ എന്ന് പരിശോധിക്കുമെന്നും പറഞ്ഞു.






