
കോട്ടയം: പ്രണയം നിരസിച്ചതിന് അയല്‍വാസിയായ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെത്തുടര്‍ന്ന് പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിനു സമീപം താമസിക്കുന്ന പതിനേഴുകാരിയെയാണ് ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടോടെ കോട്ടയം എസ്.എച്ച്. മൗണ്ടിലെ ഹെലിപാഡില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലെ ഗംഗ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്കു മാറ്റിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ആംബുലന്‍സില്‍ എസ്.എച്ച്. മൗണ്ടില്‍ എത്തിച്ചശേഷം അവിടെനിന്നാണു എയര്‍ ആംബുലന്‍സിലേക്കു പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു രോഗിയെ എയര്‍ ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഓഫ് ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് വിക്ടിംസ് കെയര്‍ എന്ന എന്‍.ജി.ഒയാണ് ചികിത്സ ഏറ്റെടുത്തിരിക്കുന്നത്.
കോയമ്പത്തൂരിലെ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണു പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ട സൗകര്യങ്ങളുള്ള എയര്‍ ആംബുലന്‍സില്‍ ഒരു ഡോക്ടറും രണ്ടു നഴ്സുമാരുമുണ്ടായിരുന്നു. പെണ്‍കുട്ടിയൊടൊപ്പം അമ്മയും എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്കു പോയിട്ടുണ്ട്. ഒമ്പതരയോടെ യുവതിയ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ 14ന് രാത്രി ഏഴിനാണു പെണ്‍കുട്ടിയെ സമീപവാസിയും അകന്ന ബന്ധുവുമായ യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. എണ്പതു ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പീന്നിട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ദിവസങ്ങളായി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. ആസിഡ് ആക്രമണം അടക്കമുള്ള സംഭവങ്ങളില്‍ ഇരയാകപ്പെടുന്ന പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഓഫ് ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് വിക്ടിംസ് കെയര്‍. പെണ്‍കുട്ടിയുടെ ദുരന്തം മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെത്തുടര്‍ന്നാണ് സംഘടന സംഭവത്തില്‍ ഇടപെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടേയും ആറന്മുള പോലീസിന്റേയും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടേയും അനുമതിയോടെയാണ് പെണ്‍കുട്ടിയുടെ ചികിത്സ സംഘടന ഏറ്റെടുത്തത്.






