
പാരീസ്: ഏറ്റവും ഭീകരമായ രോഗമായ എയ്ഡ്സ് വന്ന് മരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി യുഎന്‍ റിപ്പോര്‍ട്ട്. 2016ല്‍ 10 ലക്ഷം പേരാണ് എയ്ഡ്സ് മൂലം മരിച്ചത്. 2005ല്‍ ഈ രോഗംമൂലം മരിച്ചതു 19 ലക്ഷം പേരായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് ഒന്‍പത് ലക്ഷത്തിന്റെ കുറവാണ് വന്നിരിക്കുന്നത്.
1980ല്‍ ലോകത്താകമാനം 35 ദശലക്ഷം ആളുകളാണ് ഈ മാറാരോഗം വന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. പാരീസില്‍ ഞായറാഴ്ച തുടങ്ങുന്ന എയ്ഡ്സ് ശാസ്ത്ര കോണ്‍ഫറന്‍സിനു മുന്നോടിയായി ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്.
എയ്ഡ്സിനെതിരെയുള്ള മരുന്ന് കണ്ടെത്തുന്നതിനായി ലോകത്താകമാനം നിരവധി പരിശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എയ്ഡ്സ് ചികിത്സയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 2016ല്‍ 3.67 കോടി എയ്ഡ്സ് രോഗികളുണ്ടായിരുന്നതില്‍ 1.95 കോടി പേര്‍ക്കും മികച്ച ചികില്‍സ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവുമധികം എയ്ഡ്സ് രോഗികള്‍ ഉള്ളത് ആഫ്രിക്കയിലാണ്. 2010ല്‍ 30 ശതമാനത്തോളം ആളുകളിലും എച്ഐവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും, വടക്കന്‍ ആഫ്രിക്കയിലും, കിഴക്കന്‍ യുറോപ്പിലും മധ്യ ഏഷ്യന്‍ രാജ്യങ്ങളിലും എയ്ഡ്സ് ബാധിച്ചുള്ള മരണനിരക്ക് യഥാക്രമം 48 ശതമാനവും 38 ശതമാനവുമാണെന്നാണ് റിപ്പോര്‍ട്ട്.






