
തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ എം. വിന്‍സെന്റ് എം.എല്‍.എയ്ക്കു പിന്തുണയുമായി ഭാര്യയും പരാതിക്കാരിയുടെ സഹോദരിയും പുരോഹിതനും രംഗത്ത്. അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാര്യ ശുഭ ആരോപിച്ചു. ഒരു എം.എല്‍.എയ്ക്കും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്.
ഗൂഢാലോചനയെക്കുറിച്ച് ഡി.ജി.പിക്കു പരാതി നല്‍കിയിട്ടും നടപടിയില്ല. പരാതിക്കാരി വിന്‍സന്റിന്റെയും തന്റെയും ഫോണുകളിലേക്കു വിളിച്ചിരുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. വിന്‍സന്റിനൊപ്പം ഉറച്ചുനില്‍ക്കുന്നു. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും ശുഭ പറഞ്ഞു.
എം.എല്‍.എയെ പിന്തുണച്ച് പരാതിക്കാരിയായ വീട്ടമ്മയുടെ സഹോദരിയും രംഗത്തെത്തി. വിന്‍സന്റിനെതിരായ ആരോപണം അവിശ്വസനീയമെന്ന് അവര്‍ പറഞ്ഞു. പരാതിക്കാരി മാനസികസമ്മര്‍ദത്തിനു ചികില്‍സ തേടിയിരുന്നു. കുറേ വര്‍ഷമായി മരുന്ന് കഴിക്കുന്നൂണ്ടെന്ന് അറിയാം. പരാതി രാഷ്്രടീയപ്രേരിതമെന്നു വിശ്വസിക്കുന്നു. സഹോദരീഭര്‍ത്താവ് എല്‍.ഡി.എഫിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ പിന്തുണയുണ്ടെന്നാണ് കരുതുന്നതെന്നും പരാതിക്കാരിയുടെ സഹോദരി പറഞ്ഞു.
വിന്‍സെന്റിനെതിരെ മൊഴി നല്‍കിയില്ലെന്ന് ബാലരാമപുരം സെന്റ് സെബാസ്റ്റിയന് പള്ളി ഇടവക വികാരി ഫാ. ജോയ് മത്യാസ് പറഞ്ഞു. പരാതിക്കാരി തന്നെ വന്നുകണ്ടിരുന്നെങ്കിലും എം.എല്‍.എ. പീഡിപ്പിച്ചെന്നു പറഞ്ഞിട്ടില്ലെന്നും ഫാ. ജോയ് മത്യാസ് പറഞ്ഞു. പീഡനവിവരം വീട്ടമ്മ തങ്ങളോടു വെളിപ്പെടുത്തിയെന്ന് ഒരു പുരോഹിതനും കന്യാസ്ത്രീയും മൊഴികൊടുത്തെന്ന് വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, വിന്‍സെന്റിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ട് രാജിവയ്പിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. വിന്‍സെന്റിന്റെ അറസ്റ്റില്‍ അസ്വാഭാവികതയില്ല. അറസ്റ്റ് രാഷ്ര്ടീയപ്രേരിതമല്ല. ബി.ജെ.പിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.






