
തന്റെ മക്കള്‍ക്ക് ആപത്ത് വന്നാല്‍ ഏത് അറ്റം വരെയും കൊണ്ടു പോയി രക്ഷിക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്ഫോണ്ടിലുള്ള ക്രിസ് ഗാര്‍ഡും കോണി യേറ്റ്സിയും കഴിഞ്ഞ കുറേ നാളുകളായി ഈ ശ്രമത്തില്‍ തന്നെയായിരുന്നു. ഗുരുതരമായ ജനിതക അവസ്ഥയും മസ്തിഷ്കത്തിനുള്ള തകരാറുകളും മൂലമാണ് 11 മാസക്കാരനായ ചാര്‍ളിയെന്ന ഇവരുടെ കുഞ്ഞ് വെന്റിലേറ്ററില്‍ കഴിയുന്നത്. യാതൊരു ചികിത്സ കൊണ്ടും ചാര്‍ളിയുടെ ജീവന് രക്ഷിക്കാനാവില്ലെന്നാണ് ഗ്രേറ്റ് ഓര്‍മണ്ട് സെന്റ് ആശുപത്രി മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചാര്‍ളിയെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടു പോയാല്‍ രക്ഷപ്പെടുമെന്നായിരുന്നു ഈ ദമ്പതികളുടെ പ്രതീക്ഷ. കഴിഞ്ഞ കുറേ നാളുകളായി അതിനുള്ള ശ്രമത്തിലായിരുന്നു ഇവര്‍.
ഗ്രേറ്റ് ഓര്‍മണ്ട് സെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചാര്‍ളിയെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെയാണ് മകനെ രക്ഷിക്കാമെന്നുള്ള അവസാന മോഹം പോലും ഈ മാതാപിതാക്കള്‍ ഉപേക്ഷിച്ചിരിക്കുന്നത്. ഇതോടെ മകന്റെ ദയാവധത്തിന് ഇവര്‍ വഴങ്ങിയിരിക്കുകയാണ്. ഓഗസ്റ്റ് നാലിനാണ് ചാര്‍ളിയുടെ ഒന്നാം പിറന്നാള്‍. എന്നാല്‍ അത് വരെ അവന് ജീവിച്ചിരിക്കുമോ എന്ന കടുത്ത ആശങ്കയിലാണിവര്‍. കാരണം അവന് നല്കിക്കൊണ്ടിരിക്കുന്ന ലൈഫ് സപ്പോര്‍ട്ട് ഉടന്‍ അവസാനിപ്പിക്കാനാണ് ആശുപത്രിയുടെ പുതിയ തീരുമാനം. കുഞ്ഞിനെ അമേരിക്കയില്‍ കൊണ്ടു പോയി ചികിത്സിക്കുന്നതിനായി ചാര്‍ളിയെ പിന്തുണയ്ക്കുന്നവര്‍ 1.3 മില്യണ്‍ പൗണ്ട് ഈ ദമ്പതികള്‍ക്ക് പിരിച്ച് കൊടുത്തിരുന്നു. എന്നാല്‍ മൂന്ന് യുകെ കോടതികള്‍ ഇതിന് വിഘാതമായി നിന്നതോടെ ഈ മാതാപിതാക്കളുടെ സ്വപ്നം ഇല്ലാതാവുകയായിരുന്നു.
ചാര്‍ളിയെ രക്ഷിക്കാനാവുമോ എന്ന് പരിശോധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച ഡോ. മിക്കിയോ ഹിരാനോ ജൂലൈ 17ന് ലണ്ടനിലെത്തിയിരുന്നു. ഇതിന് പുറമെ ചാര്‍ളിക്ക് വേണ്ടി പോപ്പ് ഫ്രാന്‍സിസ് പറഞ്ഞ് വിട്ട ഡോക്ടറും ഇവിടെയെത്തി പരിശോധനകള്‍ നടത്തി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ചാര്‍ളിയുടെ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഹൈക്കോടതിയില്‍ എത്തിയ ചാര്‍ളിയുടെ അമ്മ കോണി യേറ്റ്സ് വിതുമ്പുന്നത് കാണാമായിരുന്നു. മമ്മിയുടെ ഡാഡിയും അവനെ അത്രത്തോളം സ്നേഹിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ക്ക് അവനെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും മാപ്പ് തരണമെന്നും പറഞ്ഞായിരുന്നു ഇവര്‍ പൊട്ടിക്കരഞ്ഞത്. എന്നാല്‍ തങ്ങളുടെ മകന്റെ അവസാന നിമിഷം വീട്ടിലായിരിക്കണമെന്ന ആഗ്രഹം ഇവര്‍ ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ ആശുപത്രി അധികൃതര്‍ അതിന് സമ്മതിക്കുമോയെന്ന കാര്യം ഇനിയും വ്യക്തമായിട്ടുമില്ല.






