
കൊല്‍ക്കൊത്ത: അപ്രതീക്ഷിതമായി ഒരു ചുംബനം കിട്ടിയാല്‍ ആരും അടിപതറിപ്പോകും. എന്നാല്‍ അത് നടുറോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേ ആണെങ്കിലോ? വ്യാഴാഴ്ച പുലര്‍ച്ചെ കൊല്‍ക്കൊത്തയിലാണ് ഇത്തരമൊരു സംഭവം നടന്നത്.
മദ്യലഹരിയില്‍ ലക്കില്ലാതെ കാര്‍ ഓടിച്ച യുവതിയെ തടഞ്ഞുനിര്‍ത്തിയ പോലീസുകാരനാണ് സ്വപ്നംകാണാന്‍ പോലും പറ്റാത്ത സമ്മാനം കിട്ടിയത്. ഒരു പാര്‍ട്ടികഴിഞ്ഞ് ആഘോഷലഹരിയില്‍ മടങ്ങുകയായിരുന്ന നാല്പതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയെ ആണ് ട്രാഫിക് പോലീസുകാരന് തടഞ്ഞുനിര്‍ത്തിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അവര്‍. വാഹനം തടഞ്ഞ പോലീസുകാരനോട് വഴക്കിടാനൊന്നും അവര്‍ പോയില്ല. പോലീസുകാരനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കുകയാണ് അവര്‍ ചെയ്തത്.
മദ്യലഹരിയില്‍ നിയന്ത്രണംവിട്ട കാര്‍ സാള്‍ട്ട് ലേക്കിന് സമീപം ഡിവൈഡറില്‍ ഇടിച്ചു. യുവതിയെ രക്ഷിക്കാനെത്തിയ ടാക്സി ഡ്രൈവറെ അവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇതുകണ്ട ഒരു കോണ്‍സ്റ്റബിള്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന യുവതിയെയും അവരുടെ സുഹത്തുക്കളായ യുവതിയേയും യുവാവിനെയും പുറത്തെടുക്കാന്‍ ശ്രമിച്ചു. എല്ലാവരും നല്ല മദ്യലഹരിയില്‍ ആയിരുന്നു.
ഇവരെ പുറത്തേടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. പോലീസുകാരനെ തന്നിലേക്ക് വലിച്ചടുപ്പിച്ച യുവതി അയാളെ കെട്ടിപ്പിടിച്ചു. പിന്നീട് ചുംബനപെരുമഴ കൊണ്ട് അയാളെ മൂടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരാളുടെ സഹായത്തോടെ രക്ഷപ്പെട്ട പോലീസുകാരന് മൂന്നു പേരെയും ബദ്ധാന്നഗര് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
മദ്യപിച്ച് വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും മൂന്നു പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. 'ചുംബന'കൈക്കൂലി നല്കി പോലീസുകാരനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് യുവതിക്കെതിരെ വേണമെങ്കില്‍ കേസെടുക്കാമെന്നും ഒരു പോലീസുകാരന് തമാശരൂപേണ പറഞ്ഞു.






