
ഇന്ത്യയിലേക്ക് വിനോദസഞ്ചാരികളായി എത്തുന്ന പല വിദേശീയരും തങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല രാജ്യമാണ് ഇന്ത്യയെന്ന് സോഷ്യല്‍ മീഡിയയിലൂടെ കുറിക്കാറുണ്ട്. മികച്ച ആളുകളാണ് ഇന്ത്യയിലുള്ളതെന്നും നാനാത്വത്തിലുള്ള ഏകത്വമാണ് ഇവിടുത്തെ വിവിധ സംസ്ഥാനങ്ങളുടെ പ്രത്യേകതയെന്നും പ്രശംസിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ റേറ്റ് ചെയ്ത ഒരു ജര്‍മന്‍ വ്ലോഗറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ജർമ്മൻ വ്ലോഗറായ ക്രിസ്റ്റ്യൻ ബെറ്റ്സ്മാനാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളെയും രാജസ്ഥാനിലെ ഭക്ഷണത്തെയും പ്രശംസിച്ചെങ്കിലും ഡൽഹിയെ പക്ഷേ വിശേഷിപ്പിച്ചത് ‘ഏറ്റവും മലിനീകരിക്കപ്പെട്ട സ്ഥല’മെന്നാണ്. ഈ വിശേഷണം വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
കേരളത്തിന്റെ ആതിഥ്യമര്യാദ മുതൽ രാജസ്ഥാന്റെ പാചകരീതി വരെ എല്ലാറ്റിനെയും ക്രിസ്റ്റ്യൻ പ്രശംസിച്ചു. എന്തൊക്കെ കാര്യങ്ങളിലാണ് ഓരോ പ്രദേശവും തന്നിൽ മതിപ്പ് ഉണ്ടാക്കിയതെന്ന് ക്രിസ്റ്റ്യൻ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടായിരുന്നു ക്രിസ്റ്റ്യന്റെ വീഡിയോ.
‘‘ഇന്ത്യയിലെ 20-ലധികം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചതിന് ശേഷം, എന്റെ സത്യസന്ധമായ റേറ്റിംഗ് ഇതാ... എങ്കിലും എനിക്ക് വീണ്ടും വീണ്ടും പരാമർശിക്കാൻ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്... പഞ്ചാബ് ‘ഏറ്റവും നല്ല മതസ്ഥല’മാണ്, മേഘാലയ ‘ഏറ്റവും നല്ല സാഹസികതകളാ’ണ് വാഗ്ദാനം ചെയ്യുന്നത്. ‘ഏറ്റവും നല്ല മനുഷ്യരു’ള്ളത് കേരളത്തിലാണ്. ഗോവ ‘ഏറ്റവും നല്ല സമൂഹ’മാണ്. രാജസ്ഥാന് ‘ഏറ്റവും നല്ല ഭക്ഷണം’ വിളമ്പി... എന്നാല്‍ ഡല്‍ഹി, ‘ഏറ്റവും മലിനീകരിക്കപ്പെട്ട സ്ഥല’മാണ്...’ ക്രിസ്റ്റ്യൻ പറഞ്ഞു. രാജ്യത്തിന്റെ തലസ്ഥാനത്തെ വിശേഷിപ്പിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
നിരവധി പേർ ക്രിസ്റ്റ്യന്റെ കാഴ്ചപ്പാടിനോട് യോജിക്കുന്നുണ്ട്. ചിലര്‍ പിന്തുണച്ചും മറ്റു ചിലര്‍ വിമര്‍ശിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ബ്രോയ്ക്ക് ഒരു ആധാർ കാർഡ് കൊടുക്കണം, ദില്ലി ഏറ്റവും മലിനീകരിക്കപ്പെട്ടതല്ല ലോകത്തിലെ പല നഗരങ്ങളും ദില്ലിയെക്കാൾ മലിനമാണ്, ഹാലേബിഡു, ബേലൂർ, തഞ്ചാവൂർ.. തുടങ്ങിയ ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ നിങ്ങൾ സന്ദർശിച്ചിട്ടില്ലേ, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ കൂടി സന്ദർശിച്ചൂ ഇന്ത്യ പുകഴ്ത്താൻ കൂടുതൽ വിവരങ്ങൾ ലഭിക്കും...’ എന്നതടക്കമാണ് കമന്റുകള്‍.
മുന്‍പ് ഇന്ത്യൻ തെരുവ് കച്ചവടക്കാരുടെ ഉച്ചത്തിലുള്ള വിളികളെപ്പറ്റി പരാതി പറഞ്ഞ് ക്രിസ്റ്റ്യന്‍ പങ്കിട്ട ഒരു വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിമർശനങ്ങൾ അതിരുകടന്നതോടെ തന്റെ വീഡിയോ ക്രിസ്റ്റ്യന്‍ പിൻവലിച്ചിരുന്നു.






