
സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്ന് വിട്ടു നിന്നതില്‍ പരസ്യ ശകാരവുമായെത്തിയ മുതിര്‍ന്ന നടന് ഭാഗ്യരാജിന് മറുപടിയുമായി ഇനിയ. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റതിനാല്‍ ഡോക്ടര്‍ പത്തു ദിവസത്തെ വിശ്രമം പറഞ്ഞിരുന്നു അതാണ് ഓഡിയോ ലോഞ്ചിന് എത്താന്‍ സാധിക്കാതിരുന്നത്. ശരിയായി നടക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. ഇതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് അടയാറിലെ ആശുപത്രിയില്‍ അഡ്മിറ്റുമായി. ഇതൊക്കെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നതാണ്.
ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് ഒരു വാട്സ്ആപ്പ് സന്ദേശം ലഭിച്ചതല്ലാതെ പരിപാടിക്കായി ആരും ക്ഷണിച്ചിട്ടില്ല. അണിയറ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പറഞ്ഞ് ക്ഷണിക്കുകയാണ് പതിവ്. അതില്‍ പരിഭവമൊന്നുമില്ല. വയ്യാതിരുന്ന കാലിന്റെ ചിത്രം ഉള്‍പ്പെടെ അവര്‍ക്ക് വാട്സ്അപ് ചെയ്തതാണ് എന്നിട്ടും എന്റെ പേര് മോശമാക്കി.
ഭാഗ്യരാജ് സാറിനോട് പരാതിയൊന്നുമില്ല. അദ്ദേഹം ഏറെ സീനിയറാണ്. ചടങ്ങിലെ വിശിഷ്ട വ്യക്തിയുമായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്കിയ വിവരമനുസരിച്ചാകാം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഉത്തരവാദിത്വമില്ലാത്ത നടിയെന്ന രീതിയിലാണ് ചിത്രീകരിച്ചത്. ഒരാളെക്കുറിച്ച് ആരോപണങ്ങള്‍ നടത്തുമ്പോള്‍ അത് ശരിയാണോയെന്ന് പരിശോധിക്കണമെന്നു മാത്രമേ പറയാനുള്ളുവെന്നും ഇനിയ പറഞ്ഞു.
തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ഇനിയയെ പരസ്യമായി ശകാരിക്കുകയായിരുന്നു ഭാഗ്യരാജ്. പ്രമോഷണല്‍ ഇവന്റുകളില്‍ പങ്കെടുക്കുക ഓരോ താരത്തിന്റെയും ഉത്തരവാദിത്വമാണ്. ഇനി ഇങ്ങനെ തെറ്റു ചെയ്യരുത്. വലിയ താരമൊന്നുമായിട്ടില്ലല്ലോ. ആകണമെങ്കില്‍ ഇതൊക്കെ ശ്രദ്ധിക്കുകയെന്ന് ഭാഗ്യരാജ് ആഞ്ഞടിച്ചിരുന്നു.






