
ലക്നൗ: ലക്നൗ നഗരത്തിലെ ഒരു ഭിക്ഷക്കാരനില്‍ നിന്നും കയ്യേറ്റ വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയത് 40,000 രൂപയുടെ പഴയ നോട്ടുകള്‍. ഇതില്‍ 190 എണ്ണം പഴയ 100 ന്റെ നോട്ടുകളും ബാക്കി നിരോധനത്തില്‍ പെട്ടുപോയ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ ആയിരുന്നു. ഒരു വഴിവാണിഭ കച്ചവടക്കാരന്റെ വാഹനത്തില്‍ നിന്നുള്ള പാഴ്വസ്തുക്കള് മുനിസിപ്പല്‍ കോര്പ്പറേഷന് ഗോഡൗണില്‍ തട്ടുന്നതിനിടയില്‍ അപ്രതീക്ഷിതമായി സംശയാസ്പദമായ നിലയില്‍ പൊതി കണ്ടെത്തുകയായിരുന്നു.
ഒരു പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്ന പണം ഉദ്യോഗസ്ഥര്‍ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം ഇവര്‍ തിരികെ പരിവര്‍ത്തന്‍ ചൗക്കില്‍ എത്തിയപ്പോള്‍ ഒരു ഭിക്ഷക്കാരന് തന്റെ പൊതി അന്വേഷിക്കുന്നത് കാണാനിടയായി. റിക്ഷാക്കാരോടും തെരുവ് കച്ചവടക്കാരോടും എല്ലാം ഒരു പൊതിയെക്കുറിച്ച് ചോദിച്ച വൃദ്ധന് അതില്‍ തന്റെ പണം ഉണ്ടായിരുന്നു എന്നും കച്ചവടക്കാരനോട് പറയാതെ അയാളുടെ വണ്ടിയില്‍ വെച്ചെന്നും പറഞ്ഞു. തുടര്‍ന്ന് ഭിക്ഷക്കാരനെ സമീപിച്ച എംഎല്‍സി ജോലിക്കാര്‍ പൊതിയുടെ അടയാളവും മറ്റും ചോദിച്ചറിഞ്ഞ് തങ്ങളുടെ കൈവശം വന്ന പൊതി തന്നെയാണ് വൃദ്ധന് തെരയുന്നതെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.
സര്‍ദാര്‍ജി എന്നറിയപ്പെടുന്ന ഇയാള്‍ക്ക് പൊതിയില്‍ എത്രയുണ്ടെന്നും അത് നോട്ട് നിരോധനത്തില്പെട്ട കറന്സിയാണെന്നുമെല്ലാം കൃത്യമായിട്ട് അറിയാമായിരുന്നു. പണത്തിന്റെ സ്രോതസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇത് താന്‍ മോഷ്ടിച്ചതല്ലെന്നും പത്തു വര്‍ഷം കൊണ്ടു സമ്പാദിച്ച പണമാണെന്നും ആയിരുന്നു മറുപടി. നേരത്തേ ഒരു പഞ്ചര്‍ഷോപ്പ് നടത്തിയിരുന്ന ഇയാള്‍ അത് നിര്‍ത്തിയാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത്. പിന്നീട് കടയ്ക്ക് സമീപത്തെ ഹനുമാന് ക്ഷേത്രത്തിന് മുന്നില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു. പിന്നീട് സംഘത്തില്‍ ഉണ്ടായിരുന്നയാള്‍ തിരികെ ചെന്ന് പൊതിയെടുത്തു കൊണ്ടുവന്ന് കൊടുക്കുകയും ചെയ്തു.






