
കട്ടപ്പന: ഇടുക്കിയില്‍ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് പിടിയില്‍. മരിയാപുരം പൂതക്കുഴിയില്‍ അനില്‍ ആണ് പിടിയിലായത്. ഭാര്യയുമായി വഴക്ക് കൂടിയതില്‍ പ്രകോപിതാനായി അനില്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ, ഭാര്യ ഗ്രീഷ്മയുമായി വഴക്കുണ്ടാക്കിയ അനില്‍ തുടര്‍ന്ന് ഇടുക്കിയിലേക്ക് പണിക്ക് പോയി. പണി കഴിഞ്ഞ് വൈകിട്ട് വന്ന അനില്‍ തനിക്ക് കാപ്പി നല്‍കിയില്ലെന്നാരോപിച്ച് ഭാര്യയുമായി വഴക്കിട്ടു. ഇയാള്‍ പിന്നീട് വീട്ടില്‍ മടങ്ങി എത്തിയപ്പോള്‍ ഭാര്യ ഗ്രീഷ്മ കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു.
കാപ്പി ആവശ്യപ്പെട്ട് ഇയാള്‍ വീണ്ടും വഴക്കുണ്ടാക്കി. വഴക്കിനെ തുടര്‍ന്ന് ഗ്രീഷ്മയോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ അനില്‍ ആവശ്യപ്പെട്ടു. ഗ്രീഷ്മ ഇറങ്ങിപ്പോയി. ഈ സമയം കുഞ്ഞ് തൊട്ടിലില്‍ കിടന്ന് കരഞ്ഞു. അനില്‍ ആദ്യം തൊട്ടില് ആട്ടിയെങ്കിലും കുഞ്ഞിന്റെ കരച്ചില് കൂടി. ദേഷ്യം മൂത്ത അനില്‍ തൊട്ടിലില്‍ നിന്നും കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ കാല്‍ത്തള കയറില്‍ ഉടക്കി. ഇതില്‍ കലിപൂണ്ട അനില്‍ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയ ശേഷം തൊട്ടില് ശക്തിയായി മരക്കതകിന്റെ പാളിയില്‍ ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞിന്റെ തലയോട്ടി പൊട്ടി.
തുടര്‍ന്ന് ചെവിയിലൂടെ രക്തം ഒഴുകി വന്ന കുഞ്ഞിനെയും കൊണ്ട് അനില്‍ ആശുപത്രിയില്‍ എത്തി. ആദ്യം ഇടുക്കി ജില്ലാ ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ കുട്ടി മരണപ്പെട്ടു. താന്‍ പുറത്തേക്ക് പോയ സമയത്ത് ഗ്രീഷ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഭാര്യ മാനസികരോഗിയാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇന്നലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.






