
നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ താത്കാലിക നിയന്ത്രണത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നതിന് സമാനമാണ് മോദി സർക്കാറിന്റെ നടപടിയെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. അടുത്ത നിരോധനം വാട്സ്ആപ്പിനാകുമോയെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്ത് ചോദ്യപേപ്പർ ചോർച്ച മാഫിയ തഴച്ചുവളരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പരീക്ഷാദിവസം വിദ്യാർത്ഥികളെ കർശനമായി പരിശോധിക്കുകയും വ്യോമസേന വഴി ചോദ്യപേപ്പറുകൾ എത്തിക്കുകയും ചെയ്യുന്ന നടപടികളെ ചൂണ്ടിക്കാട്ടി, നാടകങ്ങൾക്ക് ഒരു കുറവുമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന്റെ പ്രവർത്തനം കേന്ദ്രസർക്കാർ താത്കാലികമായി നിരോധിച്ചിരുന്നു. ജൂൺ 22 വരെയാണ് നിയന്ത്രണം നിലവിലുള്ളത്. ടെലിഗ്രാമിലെ മെസേജ് എഡിറ്റിംഗ് ഫീച്ചറും ജൂൺ 30 വരെ പ്രവർത്തിക്കില്ല. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജൂൺ 21നാണ് എൻടിഎ പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.






