
രാജ്യത്ത് ബൈക്കുകള്‍ ടാക്സികളായി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ബൈക്ക് ടാക്സികള്‍ക്കും മറ്റ് യാത്രകള്‍ക്കുമായി മൊബൈല്‍ ആപ്പും അവതരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
നഗരങ്ങളിലെ ഗതാഗതക്കുരുക്കുകള്‍ക്കിടയിലൂടെ കടന്നുപോകുന്നതിന് ഇരുചക്ര വാഹനങ്ങള്‍ക്ക എളുപ്പം കഴിയുമെന്നും ചെലവു കുറഞ്ഞ യാത്രാസൗകര്യമൊരുക്കാന്‍ ബൈക്ക് ടാക്സികള്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിലൂടെ രാജ്യത്തെ വലിയ പ്രശ്നങ്ങളിലൊന്നായ തൊഴിലില്ലായ്മ കുറക്കാന്‍ സാധിക്കുമെന്നും ധാരാളം ആളുകള്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവാണ് രാജ്യത്ത് ഉള്ളത്. അതുകൊണ്ട് തന്നെ ബൈക്ക് ടാക്സികള്‍ സാധാരണക്കാര്‍ക്ക് ചെലവുകുറഞ്ഞ യാത്ര ഒരുക്കുന്നതോടൊപ്പം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും.
ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാര്‍ വലിയ യാത്രാപ്രശനങ്ങളാണ് നേരിടുന്നത്. ഇത്തരക്കാര്‍ക്ക് ഇത് വളരെ ഗുണകരമാണെന്നും മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു. ജി.പി.എസ് വഴി ഈ ടാക്സികളുടെ നീക്കം നിരിക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മാതൃകയില്‍ പൊതുഗതാഗത സംവിധാനം നടപ്പാക്കുമെന്നും അതിനായി ലോക ബാങ്കുമായും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കുമായും ചര്‍ച്ച നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.






