
ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്കോഡ, കൊഡിയാക് RS പെര്‍ഫോമന്‍സ് സ്പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ച് വെറും 6 മിനിറ്റിലാണ് ആദ്യം കൊണ്ടുവന്ന 50 എണ്ണവും വിറ്റഴിഞ്ഞത്. ഇപ്പോഴിതാ സ്കോഡ ഇന്ത്യ ഔദ്യോഗികമായി രാജ്യത്ത് ഈ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ്. അതും 66.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് കൊഡിയാക് ഫുള്‍-സൈസ് എസ്യുവിയുടെ പുത്തന്‍ പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത്. ബ്രാന്‍ഡിന്റെ ഫ്ലാഗ്ഷിപ്പ് മൂന്ന്-വരി എസ്യുവി പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് കൊഡിയാക്കിന് ഇന്ത്യയില്‍ 36.99 ലക്ഷം രൂപ മുതല്‍ 46.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നല്‍കേണ്ടി വരിക. അതായത് 20 ലക്ഷം രൂപയോളം അധികമാണ് കൊഡിയാക് RS പതിപ്പിനായി മുടക്കേണ്ടി വരുന്നത്. കൊഡിയാക് RS പെര്‍ഫോമന്‍സ് 7-സീറ്റര്‍ എസ്യുവിക്ക് 2.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിനാണ് തുടിപ്പേകാന്‍ എത്തുന്നത്. 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 265 bhp പവറില്‍ പരമാവധി 400 Nm ടോര്‍ക്ക് വരെ നിര്‍മിക്കാനാവും. ഇത് സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 61 bhp കരുത്തും 80 Nm ടോര്‍ക്കും അധികമായി നല്‍കുന്നുണ്ട്. ഓള്-വീല്‍ ഡ്രൈവ് സിസ്റ്റവും മോഡലില്‍ ഒരുക്കിയിട്ടുണ്ട്.
വെറും 6.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കൊഡിയാക് RS പതിപ്പിനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ഇന്ത്യയില്‍ ഇതുവരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും വേഗതയേറിയ സ്കോഡ കാറായും മാറ്റുന്ന കാര്യമാണ്. പരമാവധി വേഗത മണിക്കൂറില്‍ 231 കിലോമീറ്ററായും കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് കൊഡിയാക്കിനെ അപേക്ഷിച്ച് മറ്റ് മെച്ചപ്പെടുത്തലുകളില്‍ പ്രോഗ്രസീവ് സ്റ്റിയറിംഗ്, അഡാപ്റ്റീവ് ഡാംപറുകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.സ്റ്റീല്‍ ഗ്രേ, വെല്‍വെറ്റ് റെഡ്, മാജിക് ബ്ലാക്ക്, മൂണ്‍ വൈറ്റ് എന്നിവയുള്‍പ്പെടെ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് സ്കോഡ ഒക്ടാവിയ RS തെരഞ്ഞെടുക്കാനാവുക. ഗ്രില്‍, ഒആര്‍വിഎമ്മുകള്‍, റൂഫ് റെയിലുകള്‍, വിന്‍ഡോ ലൈന്‍ എന്നിവയ്ക്കെല്ലാം ഒരു ബ്ലാക്ക്-ഔട്ട് ട്രീറ്റ്മെന്റ് ലഭിക്കുന്നത് സ്പോര്‍ട്ടി ഫീല്‍ ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.
RS മോഡലിന്റെ അകത്തളം പൂര്‍ണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ചുവന്ന കോണ്ട്രാസ്റ്റ് സ്റ്റിച്ചിംഗും കൂടിയാവുമ്പോള്‍ ഇന്റീരിയറിലും സ്പോര്‍ട്ടിനെസ് എത്തുന്നുണ്ട്. മുന്‍വശത്തെ സ്പോര്‍ട് സീറ്റുകള്‍ ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, വെന്റിലേഷന്, ഹീറ്റിംഗ്, മെമ്മറി ഫംഗ്ഷന് എന്നിവയുമായി വരുന്നു. ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലിന് vRS ബാഡ്ജ് ലഭിക്കുന്നതും വൈറൈറ്റിയാണ്. 12.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും സപ്പോര്‍ട്ടോടെയാണ് വരുന്നത്. 10.24 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍, ഒരു ഫ്രെയിംലെസ് ഓട്ടോ-ഡിമ്മിംഗ് IRVM, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള പിന് സണ്‍ബ്ലൈന്‍ഡുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.






