
2024 EICMA മോട്ടോര്‍ഷോയില്‍ കണ്‍സെപ്റ്റ് ആയി പ്രദര്‍ശിപ്പിച്ച സൂം 125 സ്കൂട്ടറിന്റെ അഡ്വഞ്ചര്‍ സ്റ്റൈല്‍ മോഡലാണ് അടുത്തതായി ഇന്ത്യയിലേക്ക് ഹീറോ മോട്ടോകോര്‍പ് കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി മോഡലിന്റെ ഡിസൈന്‍ പേറ്റന്റ് നേടിയിരിക്കുകയാണ് കമ്പനി. റെയ്സ്ഡ് ഫ്രണ്ട് ഫെന്‍ഡര്‍, ഫ്രണ്ട് ഏപ്രോണിന്റെ വശങ്ങളിലെ ക്രാഷ് പ്രൊട്ടക്ഷന്‍, ചെറിയ ഫ്ലൈസ്ക്രീന്‍, നക്കിള്‍ ഗാര്‍ഡുകള്‍ എന്നിവയെല്ലാം സൂം 125 അഡ്വഞ്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ അതേ 14 ഇഞ്ച് അലോയ് വീലുകളില്‍ പൊതിഞ്ഞ നോബി ടയറുകളും സ്കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടിച്ചേര്‍ക്കലുകള്‍ എല്ലാം ഒരുമിച്ച് എത്തുമ്പോള്‍ സ്കൂട്ടര്‍ കൂടുതല്‍ അഡ്വഞ്ചര്‍ സ്റ്റൈല്‍ നേടുന്നുണ്ട്. 124 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന് തന്നെയാവും ഹീറോ സൂം 125 അഡ്വഞ്ചര്‍ മോഡലിനും തുടിപ്പേകുക. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9.7 bhp കരുത്തില്‍ പരമാവധി 10.4 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. ക്ലാസ്-ലീഡിംഗ് വെഹിക്കിള്‍ ഡൈനാമിക്സിനൊപ്പം ഫാസ്റ്റ് ആക്സിലറേഷനും വാഗ്ദാനം ചെയ്യുന്ന സ്കൂട്ടര്‍ കൂടിയാണ് സൂം എന്നതും ശ്രദ്ധേയമായ കാര്യമാണ്.
എല്‍ഇഡി ഹെഡ്ലൈറ്റുകള്, സൈ്വപ്പ്-സ്റ്റൈല്‍ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ ഡിജിറ്റല്‍ ക്ലസ്റ്റര്‍, നാവിഗേഷന്‍ എന്നിവയാണ് ഹീറോ സൂം 125 പതിപ്പിലെ പ്രധാന ഫീച്ചറുകള്‍. VX, ZX എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വിപണിയിലെത്തുന്ന ഹീറോയുടെ സ്പോര്‍ട്ടി സ്കൂട്ടറിന് നിലവില്‍ 85, 519 രൂപ മുതല്‍ 93,065 രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അഡ്വഞ്ചര്‍ മോഡല്‍ എത്തുമ്പോള്‍ വില കൂടാന്‍ സാധ്യതയുണ്ട്.






